റിപ്പോർട്ടർ ചാനലിലെ റെയ്ഡ് കേരളത്തിലെ മാധ്യമസ്ഥാപനങ്ങളോടുള്ള വെല്ലുവിളി: ജോൺ ബ്രിട്ടാസ് എം.പി
.
റിപ്പോർട്ടർ ചാനലിലെ റെയ്ഡിനെതിരെ രംഗത്തെത്തി ജോൺ ബ്രിട്ടാസ് എം.പി. കേവലം റിപ്പോർട്ടർ ചാനലിനെതിരെ മാത്രമല്ല കേരളത്തിലെ മാധ്യമസ്ഥാപനങ്ങളോടുള്ള വെല്ലുവിളിയാണ് നടന്നതെന്ന് ജോൺ ബ്രിട്ടാസ് എം.പി വ്യക്തമാക്കി. സ്വന്തത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും എൽഡിഎഫ് സർക്കാർ കാലത്ത് പൊലീസ് നിഴൽ ഉണ്ടായാൽ എന്താകുമായിരുന്നു പ്രതികരണമെന്നും അദ്ദേഹം ചോദിച്ചു.

കൃത്യമായ നിർദ്ദേശത്തിൻ്റെ ഭാഗമായാണ് പരിശോധന. പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ഇത് കൂടുതൽ വ്യക്തമാകും. അമേരിക്കയിലുള്ള രമേശ് ചെന്നിത്തലയ്ക്ക് കാണാനാണോ പുലർ കാലത്ത് റെയ്ഡ് നടന്നത്. പൊലീസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും ഫോൺ പിടിച്ചെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

പാർട്ടി പ്രവർത്തകരിൽ വലിയ ആവേശമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ഉണ്ടാക്കിയത്. ജനങ്ങൾ പാർട്ടിയെ നെഞ്ചോട് ചേർത്ത് വെക്കുന്നു. തിരുത്താനും മുന്നേറാനും പാർട്ടി തയ്യാറാണ് എന്ന് എല്ലാവർക്കും ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. ഇടത് പക്ഷത്തെ ജനം കൈവിടില്ല എന്നതാണ് ചുറ്റും ലഭിക്കുന്ന അലയൊലി. ഇത് ആദ്യത്തെ കടമ്പയാണെന്നും അടുത്ത കടമ്പ വിശാല ജില്ലാ കമ്മിറ്റികളാണെന്നും അദ്ദേഹം വ്യക്തമാക്കി. അത് കൂടി കഴിഞ്ഞാൽ എണ്ണയിട്ട യന്ത്രം പോലെ പാർട്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.




