KOYILANDY DIARY.COM

The Perfect News Portal

കേരള സര്‍വകലാശാല ചോദ്യപേപ്പറില്‍ വീണ്ടും ഗുരുതര പിഴവ്; എഐ ഉപയോഗിച്ചതായി ആരോപണം

.

തിരുവനന്തപുരം: കേരള സര്‍വകലാശാല ചോദ്യപേപ്പറില്‍ വീണ്ടും ഗുരുതര പിഴവെന്ന് ആരോപണം. നാലാം സെമസ്റ്റര്‍ ഹിസ്റ്ററി വിഭാഗത്തില്‍ നടത്തിയ പരീക്ഷയിലാണ് പിഴവ് കണ്ടെത്തിയത്. എം എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇന്‍ ഇന്ത്യ എന്ന വിഷയത്തിലെ രണ്ട് ചോദ്യപേപ്പറിലാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്. കാര്യവട്ടം ക്യാമ്പസില്‍ ഇന്നലെയായിരുന്നു പരീക്ഷ നടന്നത്.

മൂന്ന് ചോദ്യങ്ങള്‍ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലായി വീണ്ടും ചോദിച്ചു എന്നാണ് കണ്ടെത്തല്‍. നാല് ചോദ്യങ്ങള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിശദീകരണം. കേരള സര്‍വകലാശാലയിലെ ചോദ്യപേപ്പറുകളില്‍ തുടര്‍ച്ചയായി പിഴവുകള്‍ കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടാണ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാക്കുന്നത്. പരീക്ഷാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതില്‍ കൃത്യമായ പരിശോധന നടക്കുന്നില്ലെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പരാതി.

 

പരാതികള്‍ ലഭിച്ചില്ലെങ്കിലും ചോദ്യപ്പേപ്പറുകള്‍ പരിശോധിച്ച് ബന്ധപ്പെട്ടവര്‍ക്കെതിരെ സര്‍വകലാശാല നടപടി സ്വീകരിക്കാനാണ് സാധ്യത. നേരത്തെ സര്‍വകലാശാല നടത്തിയ ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറിലും പിഴവ് കണ്ടെത്തിയിരുന്നു. ചോദ്യപേപ്പറില്‍ തന്നെ ഉത്തരവും പ്രിന്റ് ചെയ്ത് വരികയായിരുന്നു അന്നുണ്ടായത്. അഞ്ചാം ചോദ്യത്തിനൊപ്പം ആണ് ഉത്തരവും പ്രിന്റ് ചെയ്തത്. സംഭവം പരിശോധിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിരുന്നു. ബോര്‍ഡ് ഓഫ് എക്‌സാമിനേഷനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

Share news