KOYILANDY DIARY.COM

The Perfect News Portal

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ത്ഥി പിടിയില്‍

.

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാര്‍ത്ഥി പിടിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഏബലാണ് പൊലീസിന്റെ പിടിയിലായത്. പതിമൂന്നോളം സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് ഏബല്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കേസില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

 

വയനാട് കാക്കവയല്‍ സ്വദേശിയാണ് ഏബല്‍. പതിനേഴോളം പെണ്‍കുട്ടികളുടെ ചിത്രം പ്രതി സോഷ്യല്‍ മീഡിയയില്‍ നിന്നും എടുക്കുകയും അത് മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികളുടെ മോര്‍ഫ് ചെയ്ത ചില ദൃശ്യങ്ങള്‍ മറ്റുള്ള വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെടുന്നത്.

 

തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്. പരാതിയുമായി പെണ്‍കുട്ടികള്‍ മെഡിക്കല്‍ കൊളേജ് പൊലീസിനെ സമീപിച്ചെങ്കിലും നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത് എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കൂടുതല്‍ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു.

 

എസ്എഫ്‌ഐ ഉള്‍പ്പടെ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ വാക്കേറ്റവും ഉന്തുതള്ളുമുണ്ടായി. എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും നേര്‍ക്കുനേര്‍ എത്തുന്ന ഘട്ടവുമുണ്ടായി. ഇത്തരത്തില്‍ ഗുരുതരമായ പരാതി ഉയര്‍ന്നിട്ടും വേണ്ട ഗൗരവത്തോടെ പൊലീസ് വിഷയം കൈകാര്യം ചെയ്യുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 

 

Share news