തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവ ബബിതയ്ക്ക് കാൻസർ: കീമോതെറാപ്പി ആരംഭിച്ചു
.
തിരുവനന്തപുരം മൃഗശാലയിലെ പെൺ ബംഗാൾ കടുവ ബബിതയ്ക്ക് കാൻസർ. കീമോതെറാപ്പി ആരംഭിച്ചു. അഡിനോ കാർസിനോമ എന്ന അപൂർവ്വ കാൻസറാണ് കടുവയെ ബാധിച്ചത്. രോഗം കടുവയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയ സാധ്യമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഏതാനും മാസം മുമ്പാണ് ബബിതയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്.

എന്നാൽ ഫലപ്രദമായ ചികിത്സാ മാർഗങ്ങൾ ഇല്ലാത്തതുകൊണ്ട് പാലിയേറ്റീവ് കെയർ നൽകി. എന്നാൽ ആരോഗ്യനില വഷളായതോടെ കീമോതെറാപ്പി ആരംഭിക്കുകയായിരുന്നു. 2024 മാർച്ചിലാണ് ജനവാസ മേഖലയിൽ നിന്നും ബബിതയെ പിടികൂടുന്നത്. പിന്നീട് തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിക്കുകയും ബബിത എന്ന് പേര് നൽകുകയും ചെയ്തു. കടുവയുടെ വയറിനുള്ളിൽ നീർക്കെട്ടും വിശപ്പില്ലായ്മയും കണ്ടെത്തിയപ്പോൾ നടത്തിയ വിശദ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

ആന്തരികാവയവങ്ങളെ പൊതിഞ്ഞ രീതിയിലാണ് രോഗം. അമേരിക്കയിലും ഇത്തരത്തിൽ പൂച്ചകളിൽ സമാനമായ രോഗം കണ്ടെത്തിയിരുന്നു. കീമോതെറാപ്പിയിലൂടെ പൂച്ചകളുടെ ആയുസ് ഏതാനും മാസങ്ങൾ നീട്ടാൻ സാധിച്ചു. ഇതാണ് ബബിതയ്ക്കും കീമോതെറാപ്പി നൽകാൻ പ്രേരണയായത്.




