ഇടുക്കി കൊളുക്കുമലയില്‍ നിന്ന് കാൽ തെന്നി കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി
.
ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയില്‍ പാറയിൽ നിന്ന് കാൽ തെന്നി കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. 200 അടിയോളം താഴ്ച്ചയില്‍ നിന്നുമാണ് യുവാവിനെ കണ്ടെത്തിയത്. പരിക്കേറ്റ യുവാവിനെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാക്‌സി തൊഴിലാളികളും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

യുവാവ് കൊളുക്കുമലയിലെ സിംഹപ്പാറയില്‍ നില്‍ക്കുന്നതിനിടെ തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നു. തമിഴ്‌നാടിന്റെ ഭാഗമായിട്ടും തമിഴ്‌നാട് പൊലീസും ഫയര്‍ഫോഴ്‌സും തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ചെന്നൈ സ്വദേശി കാര്‍ത്തിക് ആണ് അപകടത്തില്‍ പെട്ടത്.

തമിഴ്‌നാട്ടില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്ക് ഒപ്പമാണ് കാര്‍ത്തിക് കൊളുക്കുമലയില്‍ എത്തിയത്. ഇന്നലെ കൊളുക്കുമലയിലേക്ക് എത്തിയ സംഘം ഇന്ന് രാവിലെയാണ് സിംഹപ്പാറയിലേക്ക് പോയത്. പാറയില്‍ കയറി നില്‍ക്കുന്നതിനിടെ കാര്‍ത്തിക് താഴേയ്ക്ക് വീഴുകയായിരുന്നു. ആഴമേറിയ കൊക്കയായതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു.




