കുടുംബശ്രീ വ്യാപാര കേന്ദ്രത്തിൻ്റെ കെട്ടിടം പൊളിച്ചു മാറ്റാനൊരുങ്ങി കൊയിലാണ്ടി നഗരസഭ
.
കൊയിലാണ്ടി നഗരസഭ പുതിയ ബസ്സ് സ്റ്റാൻ്റിനോടു ചേർന്ന് പ്രവർത്തിക്കുന്ന കുടുംബശ്രീ വ്യാപാര കേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥയിലായ കെട്ടിടം പൊളിച്ചു മാറ്റാനൊരുങ്ങി നഗരസഭ. ഇതിനായി നിലവിലെ കച്ചവടക്കാർക്ക് അധികൃതർ നോട്ടീസ് കൈമറികഴിഞ്ഞു. രണ്ടു മാസംകൊണ്ട് കെട്ടിടം ഒഴിയാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. പുതിയ ഇരുനില കെട്ടിടം നിർമ്മിക്കുന്നതിൻ്റെ ഭാഗമായാണ് കെട്ടിടം പൊളിച്ചുമാറ്റുന്നതെന്നാണ് അറിയുന്നത്. എന്നാൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ ഫണ്ട് ഇതുവരെയും ലഭ്യമായിട്ടില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ സ്റ്റിയറിംഗ് കമ്മിറ്റിയിൽ കെട്ടിടം പൊളിച്ചു മാറ്റുന്നതിനു മുന്നോടിയായി കച്ചവടക്കാർക്ക് നോട്ടീസ് നൽകാൻ തീരുമാനിക്കുകയും കഴിഞ്ഞ കൌൺസിൽ യോഗത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്തതാണ്. ഫണ്ടിനുവേണ്ടി ശ്രമം നടക്കുന്നതായാണ് അറിയുന്നത്. 3 നിലകളിലായി 8 കോടി ചിലവ് വരുന്ന കെട്ടിടം പണിയാൻ അർബൻ ഇൻഫ്രാ സ്ട്രക്ച്ചർ ഡവലപ്പ്മെൻ്റ് ഫണ്ട് (UIDF) ഫണ്ട് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് 5നുള്ളിൽ ഇതിനായി സമഗ്രമായ പ്രോജക്ട് റിപ്പോർട്ട് കൊടുക്കാൻ തീരുമാനിച്ചതായാണ് അറിയുന്നത്.

പുതിയ കെട്ടിടം വന്നുകഴിഞ്ഞാൽ നിലവിലെ കച്ചവടക്കാർക്ക് തുടർന്ന് കച്ചവടം നടത്തുന്നതിനുള്ള ഒരു തീരുമാനവും ഇതുവരെയായി എടുത്തിട്ടില്ല എന്നാണ് കച്ചവടക്കാർ പറയുന്നത്. ഒഴിയാൻ തായ്യാറായാലും പുനരധിവാസം ഉൾപ്പെടെ നഗരസഭ തന്നെ പകരം സംവിധാനം ഒരുക്കണമെന്നും ഇവർ പറയുന്നു. നിലവിൽ ആറോളം കച്ചവടക്കാരാണ് നഗരസഭയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കുന്നത്. മറ്റുള്ളവരിൽ പലരും നിബന്ധനകൾക്ക് വിധേയമായല്ല പ്രവർത്തിക്കുന്നതെന്നാണ് നഗരസഭാധികൃതരിൽ നിന്ന് അറിയുന്നത്. കെട്ടിടത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നവരുടെ പ്രത്യേഗ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. പുനരധിവാസം ഉൾപ്പെടെ അതിൽ തീരുമാനിക്കും എന്നാണ് അറിയുന്നത്. വാടകയും അഡ്വാൻസും അധികം നൽകേണ്ടിവരും എന്നതുൾപ്പെടെ ചർച്ചചെയ്യും എന്നാണ് അറിയുന്നത്.

നഗരസഭയിലെ വിവിധ കുടുംബശ്രീ ഗ്രൂപ്പുകളിൽപ്പെട്ടവരാണ് കെട്ടിടത്തിൽ വിവിധ സംരംഭങ്ങൾ നടത്തുന്നത്. സഹായികൾ ഉൾപ്പെടെ 50ൽ അധികം വരുന്ന കുടുംബങ്ങൾ പതിറ്റാണ്ടുകളായി ഇവിടുത്തെ വരുമാനം ഉപയോഗിച്ചാണ് ജീവിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റുന്നതോടെ ഇവരുടെ ഉപജീവനമാർഗംകൂടിയാണ് ഇതോടെ ഇരുളടയുന്നത്. ഫണ്ട് കിട്ടുന്നതിനുവേണ്ടി ശ്രമിക്കുന്നതിനായാണ് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനമെടുത്തതെങ്കിലും ഇത്ര പെട്ടന്ന് കച്ചവടക്കാരെ ഒഴിപ്പിക്കേണ്ട ആവശ്യവും ഉണ്ടോ എന്ന ചോദ്യവും ഉയരുകയാണ്.





