എൻബിഎ അംഗീകാരം നേടി വടകര എഞ്ചിനിയറിങ് കോളേജ്
.
കോഴിക്കോട്: വടക്കൻ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വളർച്ചയിൽ നിർണായക സാന്നിധ്യമായ വടകര എഞ്ചിനിയറിങ് കോളേജ് നേട്ടത്തിന്റെ നെറുകയിൽ. കോളേജിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനിയറിങ് (ഇസിഇ) വിഭാഗത്തിന് ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ അംഗീകാരം. ഭൗതിക സാഹചര്യം, പഠനമികവ്, ഫലം, ലാബ് സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് അംഗീകാരം.

ഇൗ നേട്ടം കൂടുതൽ വലിയ ലക്ഷ്യത്തിലേക്ക് കോളേജിനെ നയിക്കുമെന്നും കൂടുതൽ ഗവേഷണ പ്രബന്ധങ്ങൾ, അന്താരാഷ്‌ട്ര സഹകരണങ്ങൾ, പുതിയ സ്‌റ്റാർട്ടപ്പുകൾ, പാറ്റന്റുകൾ എന്നിവയിലൂടെ കോളേജ് ദേശീയ, ആഗോളതലങ്ങളിൽ ശ്രദ്ധിക്കപ്പെടുമെന്നും പ്രിൻസിപ്പൽ ഡോ. വിനോദ് പൊട്ടക്കുളത്ത് പറഞ്ഞു. 2012ൽ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട എഞ്ചിനിയറിങ് കോളേജുകളിൽ ഗുണമേന്മയുള്ള സാങ്കേതിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി 10 കോടി രൂപ കേന്ദ്രസർക്കാർ സാമ്പത്തിക സഹായം അനുവദിച്ചതാണ് കോളേജിന്റെ നേട്ടത്തിൽ നിർണായകമായത്.

കേരളത്തിൽനിന്ന് 19 കോളേജുകൾക്കായിരുന്നു ഫണ്ട് അനുവദിച്ചത്. ഇൗ തുക ചെലവഴിച്ച് കോളേജിന്റെ സമഗ്രമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കി. പഴയ ലാബുകൾ നവീകരിക്കുകയും ആധുനിക ലാബുകൾ സ്ഥാപിക്കുകയുംചെയ്‌തു. ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. ഇൗ അടിസ്ഥാന സൗകര്യവികസനമാണ് യന്ത്ര ലാബ് സ്ഥാപിക്കുന്നതിനും ടെക് ഓറ പ്രോജക്ട് എക്‌സ്പോ പോലുള്ള പരിപാടികൾ വിജയകരമായി നടത്താനും വഴിയൊരുക്കിയത്.

വിവിധ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വടകര എൻജിനിയറിങ് കോളേജിനെ ഇ യന്ത്ര പദ്ധതിയുടെ നോഡൽ സെന്ററായി പ്രഖ്യാപിക്കപ്പെട്ടു. വിദ്യാർത്ഥികളെ സൈദ്ധാന്തികമായ അറിവിൽനിന്ന് പ്രായോഗിക പഠനത്തിലേക്ക് നയിക്കുകയായിരുന്നു ലാബിന്റെ പ്രധാനലക്ഷ്യം. ഫിനിറ്റി ഇന്റലിജൻസ് എന്ന വിദ്യാർത്ഥി സ്‌റ്റാർട്ടപ്പ് പ്രായോഗിക ലോകത്തേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന പ്ലാറ്റ്‌ഫോമായി ഒരുക്കിയതും ഇസിഇ വിഭാഗത്തിന്റെ ശ്രദ്ധേയ നേട്ടമാണ്.



