കാസർഗോഡ് നടന്ന സംസ്ഥാന യോഗ സ്പോർട്‌സ് ചാമ്പ്യൻഷിപ്പിന് സമാപനം; കണ്ണൂർ ഒന്നാമത്
.
സംസ്ഥാന യോഗ സ്പോർട്‌സ് ചാമ്പ്യൻഷിപ്പിന് കാസർഗോഡ് കാലിക്കടവിൽ സമാപനം. നാല് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പ് ജനകീയ ഉത്സവവമായി മാറി. യോഗ അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 11-ാംമത് സംസ്ഥാന യോഗ സ്പോർട്‌സ് ചാമ്പ്യൻഷിപ്പ് കായിക താരങ്ങളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ചരിത്രമെഴുതിയാണ് സമാപിച്ചത്.

എട്ട് വേദികളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ, 45 വയസിന് മുകളിലുള്ളവർ ഇങ്ങനെ നാല് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരുന്നു. യോഗ ഡാൻസ് മത്സരവും അഞ്ച് പേർ അടങ്ങുന്ന ഫ്രീ ഫ്ലോ യോഗ ഡാൻസ് മത്സരവും നടന്നു. 106 പോയിന്റ് നേടി കണ്ണൂർ ഒന്നാം സ്ഥാനവും 90 പോയിൻ്റുമായി തൃശൂർ രണ്ടാം സ്ഥാനവും 43 പോയിൻ്റുമായി പാലക്കാട് മൂന്നാം സ്ഥാനവും നേടി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. 14 ജില്ലകളിൽ നിന്നായി 800 ഓളം മത്സരാർത്ഥികളാണ് നാലു ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. വിവിധ വിഭാഗങ്ങളിൽ ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടിയവർ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.




