വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണം; കെഎസ്ഇബി
.
തിരുവനന്തപുരം: വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറക്കണമെന്ന് കെഎസ്ഇബി. കഴിഞ്ഞ ഏപ്രിൽ 18 ന് പ്രതിദിന വൈദ്യുതി ഉപയോഗം 117.16 ദശലക്ഷം യൂണിറ്റിലെത്തി. വൈകുന്നേരം 6 മണി മുതൽ 11 മണി വരെയുള്ള പീക്ക് സമയത്തെ ആവശ്യകത ആദ്യമായി 6033 മെഗാവാട്ടിലേക്ക് ഉയർന്നതായും കെഎസ്ഇബി അറിയിച്ചു.

ഏപ്രില്‍ 23ന് രാത്രി 10.30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടി. കണക്കുകള്‍ സൂചിപ്പിക്കുന്നതുപോലെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപഭോക്താക്കള്‍ക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെഎസ്ഇബി. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദ്ദത്തിലാണ്.

ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്.




