KOYILANDY DIARY.COM

The Perfect News Portal

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് ജാമ്യമില്ല, സംഗീതയ്ക്ക് ജാമ്യം

.

കണ്ണൂര്‍: ബിഡിഎസ് വിദ്യാർത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എം കെ റാമിന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഒന്നാം പ്രതിയായ റാമിന്റെ വാദങ്ങള്‍ തള്ളിയ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. അതേസമയം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. തങ്ങള്‍ക്ക് നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും, ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് ഡോ. റാം കോടതിയില്‍ വാദിച്ചത്.

 

ഒരു ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന പ്രധാന വാദം. സംഭവ ദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡോ. സംഗീതയും കോടതിയെ അറിയിച്ചു. എന്നാല്‍ ജാതിയുടെയും നിറത്തിന്റെയും പേരില്‍ ഡോ. റാം നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം കോടതിയില്‍ ഉന്നയിച്ചു.

 

അധിക്ഷേപിച്ചവരുടെ ഫോട്ടോകള്‍ നിതിന്‍ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നുവെന്നും, ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുടുംബത്തിന്റെ അറിവോടെ പരിഹരിക്കപ്പെട്ടതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Share news