KOYILANDY DIARY.COM

The Perfect News Portal

അംഗീകാരങ്ങളുടെ നിറവിൽ കേരള ടൂറിസം; ലോകത്തിന് മുൻപിൽ തലയെടുപ്പോടെ നിന്ന വർഷങ്ങൾ

.

സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് കേരളം. കായൽ, കടൽ, വെള്ളച്ചാട്ടം, മലനിരകൾ തുടങ്ങി പ്രകൃതി അതിന്റെ എല്ലാ രൂപത്തിലും നിറഞ്ഞുനിൽക്കുന്ന സംസ്ഥാനം. ഇവയ്ക്ക് പുറമെ സാംസ്കാരികമായ വൈവിധ്യങ്ങൾ വേറെ. വ്യത്യസ്ത ഭാഷകൾ, ജീവിത ശൈലികൾ, മനോഹരമായ നാട്ടിൻപുറങ്ങൾ തുടങ്ങി എല്ലാമുള്ള സംസ്ഥാനം.

 

കേരളത്തിലെ ടൂറിസം സാധ്യതകളെ പരിപോഷിപ്പിക്കാൻ മികച്ച ശ്രമങ്ങൾ തന്നെയാണ് സർക്കാർ നടത്തിവരുന്നത്. ഏറ്റവും മികച്ച ഡിജിറ്റൽ, പ്രിന്റ് ക്യാമ്പയിനുകളാണ് അതിനായി സർക്കാർ കൈക്കൊള്ളുന്നത്. ഇവയ്‌ക്കെല്ലാം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ അംഗീകാരങ്ങൾ കേവലം ക്യാമ്പയിനുകൾക്ക് മാത്രം ലഭിച്ചവയല്ല, നമ്മുടെ നാടിന് ലഭിച്ചതാണ്, അതിന്റെ സൗന്ദര്യത്തിന് ലഭിച്ചതാണ്.

Advertisements

 

ഏറ്റവും ഒടുവിലായി കേരളത്തിന് ലഭിച്ചത് ഏറെ പ്രശസ്തമായ ഒരു അന്താരാഷ്ട്ര പുരസ്‌കാരമാണ്. ‘കം ടുഗെദർ ഇൻ കേരള’ എന്ന പ്രചാരണ ക്യാമ്പയിനിന് 2025ലെ ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ്‌സ് ലഭിച്ചു. ടൂറിസം മേഖലയിലെ ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമായ ‘ഐടിബി ബെർലിൻ’ ആണ് ഈ അവാർഡ് നൽകുന്നത്. സിൽവർ സ്റ്റാർ അവാർഡ് ആണ് കേരളത്തിന് ലഭിച്ചത്. കേരളത്തിന്റെ മനോഹരമായ വൈവിധ്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്യാമ്പയിനായിരുന്നു ‘കം ടുഗെദർ ഇൻ കേരള’. മാത്രമല്ല, ഡെസ്റ്റിനേഷൻ വെഡിങ്ങുകളെ എടുത്തുകാണിക്കുന ശുഭ മംഗല്യം എന്ന ഗാനത്തിനും അവാർഡ് ലഭിച്ചു.

 

ടൂറിസം വകുപ്പ് സംഘടിപ്പിച്ച വാട്സ്ആപ്പ് മായാ ഹോളിഡേ ഹെയ്‌സ്റ്റ് എന്ന പ്രചാരണ ക്യാമ്പയിനിനും വലിയ അംഗീകാരമാണ് ലഭിച്ചത്. പസിഫിക്ക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ ‘ഗോൾഡ് അവാർഡ് ഫോർ ഡിജിറ്റൽ മാർക്കറ്റിംഗ് ക്യാമ്പയിൻ’ പുരസ്‌കാരമാണ് കേരളത്തിന് ലഭിച്ചത്. പാക്ക് ആപ്പ് കേരള എന്ന 2023ലെ ക്യാമ്പയിനിന് മാർക്കറ്റിംഗ് വ്യാമ്പയിൻ വിഭാഗത്തിൽ ഗോൾഡ് അവാർഡും 2022ലെ ചേഞ്ച് ഓഫ് എയർ ക്യാമ്പയിനിന് പ്രിന്റ് മാർക്കറ്റിംഗ് ക്യാമ്പയിൻ വിഭാഗത്തിലെ ഗോൾഡ് അവാർഡും ലഭിച്ചു.

 

വേൾഡ് ട്രാവൽ മാർക്കറ്റ് ലണ്ടണിന്റെ നിരവധി പുരസ്‌കാരങ്ങളാണ് കേരളത്തിന് ലഭിച്ചത്. ബെസ്റ്റ് സ്റ്റാൻഡ് അവാർഡ് 2023 ഗ്ലോബൽ ആർടി അവാർഡ്‌സ് 2022 എന്നിവയാണത്. ഉത്തരവാദിത്ത ടൂറിസം മിഷൻ വഴി ജലസംരക്ഷണം, ജലദൗർലഭ്യം പരിഹരിക്കാനുള്ള നടപടികൾ എന്നീ വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഇനിയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ലോക്കൽ സോഴ്സിങ് ക്രഫ്റ്റ് ആൻഡ് ഫുഡ് വിഭാഗം, ഉത്തരവാദിത്ത ടുറിസം സ്ട്രീറ്റ് പ്രോജക്ടിന് ഉത്തരവാദിത്ത ടൂറിസം അവാർഡ്, അയ്മനം ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഉത്തരവാദിത്ത ടൂറിസം അവാർഡ് എന്നിവയും കേരളത്തിന് ലഭിച്ചു. ഇവയെല്ലാം കൂടാതെ അയ്മനം മോഡൽ ഉത്തരവാദിത്ത ടൂറിസം വില്ലേജിനെ എല്ലാവരും കണ്ടിരിക്കേണ്ട സ്ഥലമായും 2022ൽ തെരഞ്ഞെടുത്തിരുന്നു.

 

Share news