ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ അന്താരാഷ്ട സമ്മേളനം സംഘടിപ്പിക്കും
.
ബേപ്പൂർ: ബേപ്പൂരിനെ അന്താരാഷ്ട്ര മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ അന്താരാഷ്ട സമ്മേളനം സംഘടിപ്പിക്കും. ഏഴിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

സുസ്ഥിര വിനോദസഞ്ചാരം, ഉത്തരവാദിത്ത ടൂറിസത്തിലൂടെയുള്ള സംരംഭങ്ങൾ, പൈതൃക സംരക്ഷണം, എക്‌സ്പീരിയൻഷ്യൽ ടൂറിസം, ഭിന്നശേഷി സൗഹൃദ ടൂറിസം, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, മറ്റ് സമകാലിക ടൂറിസം പ്രവണതകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള 20 പ്രഭാഷകർ ഉൾപ്പെടെ 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

കോൺഫറൻസിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് ആർടി യൂണിറ്റ് സന്ദർശനങ്ങളും എക്‌സ്പീരിയൻസ് ടൂറിസം പാക്കേജുകളും ഒരുക്കും. ബേപ്പൂരിനെ സ്ത്രീ സൗഹൃദ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുക എന്ന ലക്ഷ്യവും സമ്മേളനത്തിലൂടെ പ്രാവർത്തികമാക്കും. ടൂറിസം ക്ലബ് അംഗങ്ങൾ, കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ വുമൺ ഫ്രണ്ട്ലി നെറ്റ് വർക്ക് അംഗങ്ങൾ, ആർടി യൂണിറ്റുകൾ, സ്റ്റോറി ടെല്ലർമാർ, കമ്യൂണിറ്റി ടൂർ ഗൈഡുകൾ എന്നിവരുടെ സഹകരണത്തോടെ പങ്കെടുക്കുന്നവരുടെ സുരക്ഷ, ഉയർന്ന നിലവാരമുള്ള എക്‌സ്പീരിയൻഷ്യൽ ടൂറിസം അനുഭവങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും.




