KOYILANDY DIARY.COM

The Perfect News Portal

കുട്ടികളുടെ ആരോഗ്യത്തിനായി 104 ല്‍ വിളിക്കാം; പദ്ധതി മന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്യും

.

തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യ വിവരങ്ങളും പദ്ധതികളും അറിയാനായി 104 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്. ‘അക്ഷരം ആരോഗ്യം’ സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 6ന് രാവിലെ 11ന് കോട്ടണ്‍ഹില്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പദ്ധതി ലോഞ്ച് ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

 

കുട്ടികളുടെ ആരോഗ്യത്തിനായി സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. അമേരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്കാണ് കേരളത്തിലുള്ളത്. കേരളത്തിലെ ആരോഗ്യ സംവിധാനത്തിലെ മികവുള്‍പ്പെടെ വലിയൊരു ഘടകമാണ്. കുട്ടികളുടെ ചികിത്സയ്ക്കായി നിരവധി പദ്ധതികളാണ് നിലവിലുള്ളത്. അവയെപ്പറ്റി രക്ഷിതാക്കള്‍ക്ക് പല സംശയങ്ങള്‍ ഉണ്ട്. ഇത്തരം സംശയങ്ങള്‍ പരിഹരിക്കാനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

 

സംസ്ഥാനത്ത് കുട്ടികളുടെ സൗജന്യ ഹൃദ്രോഗ ചികിത്സയ്ക്ക് ഹൃദ്യം പദ്ധതി, മജ്ജമാറ്റിവയ്ക്കല്‍ സര്‍ജറി, സ്‌കോളിയോസിസ് സര്‍ജറി തുടങ്ങിയ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്ക് സംസ്ഥാനത്ത് ചികിത്സാ പദ്ധതി നിലവിലുണ്ട്. കൂടാതെ ശ്രുതിതരംഗം, അപൂര്‍വ രോഗ ചികിത്സയ്ക്ക് രാജ്യത്ത് മാതൃകയായ ചികിത്സാ പദ്ധതിയായ കെയര്‍ തുടങ്ങിയ അനേകം പദ്ധതികളും സംസ്ഥാനത്തുണ്ട്. ഇവയെപ്പറ്റിയറിയുന്നതിന് ഈ ടോള്‍ ഫ്രീ നമ്പര്‍ ഏറെ സഹായിക്കും. ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ് ലൈന്‍ സംവിധാനമായ ദിശയുടെ ഭാഗമായാണ് പദ്ധതി ആവിഷക്കരിച്ചിട്ടുള്ളത്.

 

Share news
error: Content is protected !!