KOYILANDY DIARY.COM

The Perfect News Portal

സൂര്യാഘാത മുന്നറിയിപ്പ്: പൊരിവെയിലില്‍ കൊച്ചിയില്‍ മെട്രോയുടെ പണിയിലേര്‍പ്പെട്ട് തൊഴിലാളികള്‍

കൊച്ചി: ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടും കൊച്ചിയില്‍ മെട്രോയുടെ പണിയിലേര്‍പ്പെട്ട് തൊഴിലാളികള്‍. സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നിലനില്‍ക്കുന്ന ജില്ലയാണ് എറണാകുളം. ഉച്ച നേരത്ത് പുറത്തിറങ്ങുമ്ബോള്‍ പോലും അതീവ ജാഗ്രത പാലിക്കേണ്ട സമയത്താണ് ഉയരത്തില്‍ കെട്ടിപ്പടുത്ത മുളങ്കൂടുകളില്‍ നിന്ന് തൊഴിലാളികള്‍ പണിയെടുക്കുന്നത്.

നേരത്തെ സൂര്യാഘാത സാധ്യത കണക്കിലെടുത്ത്‌ തൊഴിലാളികള്‍ക്ക്‌ വിശ്രമം അനുവദിച്ച ഉച്ചനേരത്തും പണിയെടുപ്പിച്ച രണ്ട്‌ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ ജോലി നിര്‍ത്തിവെയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നഗരത്തില്‍ തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ തൊഴിലാളികളെ കൊണ്ട് അനധികൃതമായി ജോലി ചെയ്യിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

പകല്‍ 12 മുതല്‍ 3 വരെ ജോലി ചെയ്യിപ്പിക്കുന്നത് തൊഴില്‍ വകുപ്പ് നിരോധിച്ചിരുന്നത് ലംഘിച്ച രണ്ടു സൈറ്റുകളിലെ ജോലി നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം നല്‍കിയത്‌. പരിശോധന തുടരുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ബി എസ് രാജീവ് അറിയിച്ചിരുന്നു. എന്നാല്‍ നിയമം ശക്തമാകും തോറും നിയമലംഘനവും തുടരുകയാണെന്നാണ് ചുട്ടു പൊള്ളിക്കുന്ന വെയിലില്‍ സൂര്യന് തൊട്ടു താഴെ സിമന്‍റിനും കമ്ബിക്കും ഇടയില്‍ നിന്ന് ജോലി ചെയ്യുന്ന ഈ തൊഴിലാളികള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേ‍ര്‍ക്ക് സംസ്ഥാനത്ത് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സൂര്യാഘാത മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാല് ദിവസത്തേക്ക് കൂടി നീട്ടി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!