KOYILANDY DIARY

The Perfect News Portal

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പാര്‍വതിയും ഒന്നിക്കുന്നു

ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പാര്‍വതിയും ഒന്നിക്കുന്നു.പ്രശസ്ത ഫിലിം എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് മൂവരും ഒന്നിക്കുന്നത്. ഇറാഖിലെ അഭ്യന്തര കലഹങ്ങളില്‍ കുടുങ്ങിപ്പോകുന്ന മലയാളി നെഴ്സുമാരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ കഥയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതാദ്യമായിട്ടാണ് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഒരുമിച്ച്‌ അഭിനയിക്കുന്നത്. ഇരുവരും ആദ്യമായിട്ടാണ് പാര്‍വതിയോടൊപ്പം അഭിനയിക്കുന്നത്.

പി.വി. ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ജൂണ്‍ 20ന് കൊച്ചിയില്‍ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സനു വര്‍ഗീസാണ്. വിശ്വരൂപം, വസീര്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു സനു. ഈ വര്‍ഷം അവസാനത്തോടെ റിലീസ് ഉദ്ദേശിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഹൈദരാബാദ്, ദുബായ്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലായിരിക്കും.