KOYILANDY DIARY

The Perfect News Portal

നിര്‍ഭയ കേസ്: പ്രതികളെ നാളെ തൂക്കിലേറ്റും

ഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ കുറ്റവാളികളെ നാളെ പുലര്‍ച്ച അഞ്ചരയ്ക്ക് തൂക്കിലേറ്റും. കുറ്റവാളികളെ തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ സജ്ജമായിക്കഴിഞ്ഞു. തൂക്കിലേറ്റുന്നതിന് മുന്നോടിയായുള്ള ഡമ്മി പരീക്ഷണം ഇന്നലെ നടത്തിയിരുന്നു. മൂന്ന് തവണ മാറ്റിവെച്ച ശേഷമാണ് നാളെ വധ ശിക്ഷ നടപ്പിലാക്കുന്നത്.

വധശിക്ഷ മാറ്റിവയ്ക്കാനുള്ള പ്രതികളുടെ ഭാഗത്ത് നിന്നുള്ള അവസാനവട്ട ശ്രമങ്ങളും തുടരുകയാണ്. മരണവാറന്റ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് വിചാരണ കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. നാല് കുറ്റവാളികളുടെയും ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകള്‍ കോടതിക്ക് മുന്‍പില്‍ എത്തിയിരിക്കുന്നത്.

വിവാഹമോചനം ആവശ്യപ്പെട്ട് അക്ഷയ് സിംഗിന്റെ ഭാര്യ ഔറംഗാബാദ് കോടതിയെ സമീപിച്ചതും കുറ്റവാളികളുടെ അഭിഭാഷകന്‍ ആയുധമാക്കിയിരുന്നു. ബലാത്സംഗ കേസിലെ കുറ്റവാളിയുടെ വിധവയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് കാണിച്ചാണ് അക്ഷയ് സിംഗിന്റെ ഭാര്യ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. തിഹാര്‍ ജയില്‍ അധികൃതര്‍ക്കും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് അയച്ച കോടതി ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. വധശിക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഈ നാടകീയ നീക്കങ്ങള്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *