ഇന്ന് ലോക ലഹരി വിരുദ്ധ ദിനം
.
മയക്കുമരുന്നിന്റെ ഉപയോഗത്തിനും അതിന്റെ അനധികൃത കടത്തിനുമെതിരെ ലോകമെമ്പാടും ബോധവൽക്കരണം ശക്തമാക്കുന്നതിനായി എല്ലാ വർഷവും ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. കുട്ടികളിലും കൗമാരക്കാരിലും ലഹരിമരുന്നുകൾ ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും, ഉത്തരവാദിത്തമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയുമാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ധീരമായി ചെറുത്ത ലീൻ സെക്സു എന്ന വ്യക്തിയുടെ പോരാട്ടങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് ഈ ദിനം തിരഞ്ഞെടുത്തത്. ചൈനയിലെ ഒന്നാം കറുപ്പ് യുദ്ധത്തിന് മുൻപായി നടന്ന ഈ ശ്രമങ്ങൾ ചരിത്രത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു.

ഓരോ വർഷവും പ്രത്യേക പ്രമേയങ്ങളോടെയാണ് ഈ ദിനം കടന്നുപോകുന്നത്. “ലോക മയക്കുമരുന്ന് പ്രശ്നം: നിലനിൽക്കുന്ന വിഷയങ്ങൾ, പുതിയ വെല്ലുവിളികൾ, നൂതന പ്രതികരണങ്ങൾ” എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം. കഴിഞ്ഞ ദശകങ്ങളിൽ ആഗോളതലത്തിൽ മയക്കുമരുന്ന് ഉപയോഗവും വിപണിയിലെ വിവിധതരം മരുന്നുകളുടെ എണ്ണവും വർധിച്ചു കൊണ്ടിരിക്കുകയാണ്. കുറഞ്ഞ നിർമ്മാണച്ചെലവുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ കടന്നുകയറ്റവും കൊക്കെയ്ൻ ഉൽപാദനത്തിലെ വർധനവും വലിയ ഭീഷണിയായി തുടരുന്നു.

മയക്കുമരുന്ന് കടത്ത് സംഘങ്ങൾ തങ്ങളുടെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ബിസിനസ്സ് വ്യാപിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതായും ആണ് റിപ്പോർട്ടുകൾ. ഈ വെല്ലുവിളികളെ നേരിടാൻ ഐക്യരാഷ്ട്രസഭയുടെ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫീസ് (UNODC) വിവിധ നൂതന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്രിമിനൽ ശൃംഖലകളിൽ യുവാക്കൾ അകപ്പെടാതിരിക്കാൻ പ്രത്യേക ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കുക, തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കടൽ-കര മാർഗങ്ങളിലുമുള്ള പരിശോധനകൾ കർശനമാക്കുക, കൃത്യമായ ഡാറ്റ ശേഖരണത്തിലൂടെയും വിശകലനത്തിലൂടെയും മയക്കുമരുന്ന് വിരുദ്ധ നയങ്ങൾ രൂപീകരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും ലഹരിക്കെതിരായ പ്രതിജ്ഞ, പ്രസംഗങ്ങൾ, ചിത്രരചന, നാടകങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. ഐക്യരാഷ്ട്ര സഭ എല്ലാ വർഷവും പുറത്തിറക്കുന്ന ‘വേൾഡ് ഡ്രഗ് റിപ്പോർട്ട്’ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ നൽകുന്നു. ലഹരിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ സർക്കാരുകളും അധ്യാപകരും പൊതുജനങ്ങളും ഒരുപോലെ കൈകോർക്കണമെന്ന് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.



