KOYILANDY DIARY

The Perfect News Portal

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ പത്തു മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം:   യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുനടന്ന ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ പത്തു മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഫെബ്രുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മുന്‍മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ്, രമേശ് ചെന്നിത്തല, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്, കെ.എം. മാണി തുടങ്ങിയവരും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

ഈ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണോ എന്ന കാര്യം തീരുമാനിക്കുക. ആരൊക്കെയാണ് അനധികൃതമായി ബന്ധുക്കളെ നിയമിച്ചത്, ഇക്കാര്യത്തില്‍ ഏതൊക്കെ മാനദണ്ഡങ്ങളാണ് ലംഘിക്കപ്പെട്ടത് തുടങ്ങിയ വിഷയങ്ങളാകും വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന്റെ പരിധിയില്‍ വരുക.

നേരത്തെ, ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് പിണറായി സര്‍ക്കാരിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുമുണ്ട്. ഇതിന് പിന്നാലെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ബന്ധുനിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ച്‌ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *