KOYILANDY DIARY

The Perfect News Portal

കല്ലുമ്മക്കായയുടെ തൊണ്ടില്‍ റിട്ട. അധ്യാപികയുടെ കരവിരുത്‌

പയ്യോളി :  കല്ലുമ്മക്കായയുടെ തൊണ്ടില്‍ അത്ഭുതങ്ങള്‍ വിരിയിച്ച് റിട്ട. അധ്യാപിക അന്തര്‍ദേശീയ കരകൌശലമേളയില്‍ ശ്രദ്ധ നേടുന്നു. വീട്ടമ്മമാര്‍ പാചകത്തിനുശേഷം വലിച്ചെറിയുന്ന കല്ലുമ്മക്കായയുടെയും ഇളമ്പക്കയുടെയും തോടാണ് ജാനകി ടീച്ചറുടെ കൈകളിലൂടെ പൂക്കളായും മാനായും മയിലായും പിറവിയെടുക്കുന്നത്.
മലപ്പുറം ക്രസന്റ് ഹൈസ്കൂളില്‍ ഹിന്ദി അധ്യാപികയായിരുന്ന ജാനകി 2011ല്‍ വിരമിച്ച ശേഷമാണ് കരകൌശല വസ്തു നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങിയെങ്കിലും വിശ്രമജീവിതം വെറുതെ തള്ളിനീക്കാന്‍ ടീച്ചര്‍ തയ്യാറല്ല. അങ്ങനെയാണ് വടകര  ലാല്‍നിവാസില്‍ ജാനകി ടീച്ചര്‍ സര്‍ഗാലയയിലെത്തുന്നത്.
ഫ്ളവര്‍വേസ് അടക്കമുള്ള വസ്തുക്കള്‍ കരവിരുതിലൂടെ വിരിയും. ചിലപ്പോള്‍ ഇവയ്ക്ക് ചിറകുമുളയ്ക്കും. ജീവനുള്ളവയേക്കാള്‍ ആകര്‍ഷകമാകും. ചുമര്‍ചിത്രങ്ങളും പ്രദര്‍ശനസ്റ്റാളിലുണ്ട്. ഫേബ്രിക്, അക്രിലിക് കളറുകളാണ്  ഇവയ്ക്ക് ജീവന്‍ പകരുന്നത്. സോളാവുഡില്‍ തീര്‍ത്ത ചുമര്‍ചിത്രങ്ങളും ടീച്ചറുടെ സ്റ്റാളിന്റെ പ്രത്യേകതയാണ്.
ഇരിങ്ങല്‍ സര്‍ഗാലയയിലെ കരകൌശലമേളയില്‍ ഇത് രണ്ടാം തവണയാണ് ജാനകി ടീച്ചര്‍ എത്തുന്നത്. 20 രൂപ മുതല്‍ 2500 രൂപവരെ വിലയുള്ള ഉല്‍പ്പന്നങ്ങളുണ്ട്. ടീച്ചര്‍ക്ക് സഹായിയായി ഭര്‍ത്താവ് ബാലന്‍ മാസ്റ്ററും ഒപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *