KOYILANDY DIARY

The Perfect News Portal

“ശുദ്ധജല കൂട്” മത്സ്യ കൃഷിയിൽ മത്സ്യങ്ങൾ വിൽപ്പനയ്ക്കൊരുങ്ങി

പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയിലെ പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ 4.10 കോടി ചെലവിൽ നടപ്പാക്കിയ ശുദ്ധജല കൂട് മത്സ്യ കൃഷിയിൽ മത്സ്യങ്ങൾ വിൽപ്പനയ്ക്കൊരുങ്ങി. ഇതിനായി പെരുവണ്ണാമൂഴി ടൗണിന് സമീപം സൊസൈറ്റി ഓഫീസിനോട് ചേർന്ന് ലൈവ് ഫിഷ് മാർക്കറ്റ് തുടങ്ങി. റിസർവോയറിൽ നിന്നുള്ള മത്സ്യമാണ് ജീവനോടെ പിടിച്ച് വിൽപ്പനയ്ക്കെത്തിക്കുന്നത്. ഫിഷറീസ് വകുപ്പിൻ്റെയും കേരള ജലകൃഷി വികസന ഏജൻസിയുടെയും (അഡാക്) സഹായത്തോടെ പെരുവണ്ണാമൂഴി പട്ടികജാതി, പട്ടികവർഗ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തി ൻ്റെ നേതൃത്വത്തിലാണ് കൂട് മത്സ്യക്കൃഷി.

പ്രധാനമന്ത്രി മത്സ്യ സമ്പത് യോജന (പി.എം.എം.എസ്.വൈ.) പദ്ധതിയിലേതാണ് ഫണ്ട്. ശുദ്ധജല മത്സ്യസമ്പത്ത് വർധിപ്പിക്കാനും പ്രദേശവാസികൾക്ക് തൊഴിലവസരം വർധിപ്പിക്കാൻ സഹായിക്കുന്നതുമാണ് പദ്ധതി. ഇതുവഴി പ്രദേശത്തെ നൂറുപേർക്ക് തൊഴിലും ലഭ്യമാക്കാനായി. ഗിഫ്റ്റ് തിലാപ്പിയ, അസംവാള, അനാബസ് എന്നീ ഇനങ്ങളിലായി 4.15 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ആറുമാസംമുമ്പ് നൂറു കൂടുകളിൽ നിക്ഷേപിച്ചിരുന്നു. രണ്ടു വിളവെടുപ്പിനുശേഷം സൊസൈറ്റി നേരിട്ടുതന്നെ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്ന രീതിയിലേക്ക് മാറാനാണ് ലക്ഷ്യമിടുന്നത്.

വിളവെടുപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്തുണ്ടാകും. പെരുവണ്ണാമൂഴിയിൽ ആരംഭിച്ച ലൈവ് ഫിഷ് മാർക്കറ്റ് ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനിൽ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് എം.എം. പ്രദീപൻ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ശ്രീജിത്ത്, പി.സി. സുരാജൻ, ടി.ജെ. രഘു, സി.വി. ഷിബു, ഫിഷറീസ് ഡെവലപ്മെന്റ് ഓഫീസർമാരായ നിഷാന്ത്, നിഷ, പ്രഭാകരൻ എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *