KOYILANDY DIARY

The Perfect News Portal

വിഷ രഹിത പച്ചക്കറിക്കായി കൃഷിയൊരുക്കുന്നു

പേരാമ്പ്ര: വിഷ രഹിത വിഷു പച്ചക്കറിക്കായി പേരാമ്പ്രയിൽ പത്തേക്കറിൽ കൃഷിയൊരുക്കുന്നു. വിവിധ വാർഡുകളിൽ ഒന്നോ രണ്ടോ യൂണിറ്റുകളുടെ നേതൃത്വത്തിൽ കൃഷിചെയ്ത് വിഷുച്ചന്തയിലൂടെ ഗുണമേന്മയുള്ള പച്ചക്കറികൾ മിതമായ വിലയിൽ ലഭ്യമാക്കുകയും പ്രാദേശിക വിപണി ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവൻ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ എന്നിവയെല്ലാം ചേർന്നാണ് കൃഷിയിറക്കുന്നത്. കൃഷി ചെയ്യാൻ താത്പര്യമുള്ളവരെയും തൊഴിലാളികളെയും ഉൾപ്പെടുത്തി സംഘമുണ്ടാക്കിയാണ് കൃഷി. ക്ലസ്റ്റർ അടിസ്ഥാനത്തിൽ ജൈവകാർഷികരീതിയിലൂടെയാണ് പച്ചക്കറി ഉത്പാദനമെന്ന് അധികൃതർ പറഞ്ഞു.

പേരാമ്പ്രയുടെ നഷ്ടപ്പെട്ട ഞായറാഴ്ചച്ചന്ത പുനർജീവിപ്പിക്കാനും കൃഷി സഹായിക്കുമെന്നാണ് പ്രതീക്ഷ. 12-ാം വാർഡിലാണ് ആദ്യം കൃഷി തുടങ്ങിയത്. മറ്റുവാർഡുകളിലും വരും ദിവസങ്ങളിൽ കൃഷിയിറക്കും. പച്ചക്കറി നടീൽ പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. ജോന അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ.കെ. ഷെറിൻ, വാർഡ് കൺവീനർ പി.കെ. പ്രദീപൻ, വസന്ത, സൗദ, ഷീബ, സുരേഷ്, ശാന്ത തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *