KOYILANDY DIARY.COM

The Perfect News Portal

ലോക സാക്ഷരതാ ദിനം: ജില്ലയിലെ 1000 നിരക്ഷരരെ സാക്ഷരരാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

.
കോഴിക്കോട്: ലോക സാക്ഷരതാ ദിനത്തിന്റെ ഭാഗമായി ഈ വര്‍ഷം കോഴിക്കോട് ജില്ലയിലെ ഉന്നതികളിലും കടലോര മേഖലയിലുമായി 1000 നിരക്ഷരരെകൂടി സാക്ഷരരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന്‍ കൊട്ടാരത്തില്‍ സാക്ഷരതാ ദിന സന്ദേശത്തില്‍ പറഞ്ഞു. 1990-91ലെ സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തില്‍ പങ്കടുത്ത് ജില്ലയ്ക്ക് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരവും അറിയിച്ചു.
പുതിയ 100 സാക്ഷരതാ ക്ലാസുകള്‍ ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിക്കും. അതിനായി പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്റെയും സാക്ഷരതാ പ്രേരകുമാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമത്തിന് ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പൂര്‍ണ പിന്തുണയുണ്ടാകും. ഈ ലക്ഷ്യത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും പ്രസിഡണ്ട് അഭ്യര്‍ത്ഥിച്ചു. 
ലോക സാക്ഷരതാ ദിനത്തില്‍ തിരുവനന്തപുരത്ത് വെച്ച് വിദ്യാഭ്യാസ മന്ത്രി ആദരിക്കുന്ന സാക്ഷരതാ പ്രവര്‍ത്തകരില്‍ ജില്ലയില്‍നിന്ന് ഉള്‍പ്പെട്ട തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ ജനപ്രതിനിധിയും നാലാംതരം തുല്യതാ പഠിതാവുമായ 72 കാരന്‍ ചൂലന്‍കുട്ടി, അഞ്ച് വര്‍ഷം കൊണ്ട് 760 മുതിര്‍ന്നവരെ സാക്ഷരത-തുല്യത ക്ലാസുകളില്‍ എത്തിച്ച കോഴിക്കോട് കോര്‍പറേഷനിലെ നോഡല്‍ പ്രേരക് സാബിറയെയും പ്രസിഡണ്ട് അഭിനന്ദിച്ചു.
Share news