ഇ ഡി യുടെ നീക്കം രാഷ്ട്രീയ ലക്ഷ്യം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
.
ഇ ഡി യുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സഹകരണ മേഖലയെ തകർക്കാൻ ഇ ഡി യെ ഉപയോഗപ്പെടുത്തുന്നു. അതാണ് കരിവന്നൂരിൽ കണ്ടത്. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ ശക്തമായ നടപടിയെടുത്തു. എന്നാൽ ഇ ഡി അവിടെ ചെന്ന് ഒരു പാർട്ടിയെ തന്നെ പ്രതിയാക്കിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. അഴിമതി നടത്തിയവരെ ഇ ഡി സ്വാധീനിച്ച് മാപ്പ് സാക്ഷിയാക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്.


ഇ ഡി മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാപ്പുസാക്ഷികൾ പറയണമെന്ന തരത്തിലുള്ള സ്റ്റേറ്റ്മെന്റുകൾ മാപ്പ് സാക്ഷികളുടെ കയ്യിൽ നിന്നും വാങ്ങി. അതു വലിയ തെളിവാണെന്ന് പറഞ്ഞാണ് സിപിഐഎമ്മിനെ പ്രതിയാക്കിയത്. ഇതിൻ്റെ ഫലമായി സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിമാരായി വന്നവരെയെല്ലാം പ്രതിയാക്കുകയും ചെയ്തു. രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖലയാകെ അഴിമതിയുടെ കേന്ദ്രമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കാൻ ശ്രമങ്ങൾ നടന്നുവെന്നും സഹകരണ മേഖലയിലുള്ള ലക്ഷക്കണക്കിന് കോടി രൂപയിൽ കണ്ണുവെച്ചുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.




