കളിച്ചും ചിരിച്ചും കാര്യങ്ങള്‍ പങ്കുവെച്ച് കലക്ടര്‍; ‘കുട്ട്യോളും കളക്ടറും’ സംവാദ പരിപാടിക്ക് തുടക്കം
.
കോഴിക്കോട്: കളിയും ചിരിയും ഗൗരവമേറിയ ചോദ്യങ്ങളുമെല്ലാം ഉള്‍ച്ചേര്‍ന്ന് ജില്ലാ കലക്ടറുടെ ‘കുട്ട്യോളും കളക്ടറും’ സംവാദ പരിപാടിക്ക് തുടക്കമായി. നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികളാണ് ആദ്യ പരിപാടിയില്‍ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടിക്കൊപ്പം കളക്ടറുടെ ചേംബറില്‍ ചെലവിട്ടത്.

കളക്ടറാവാന്‍ വേണ്ട തയാറെടുപ്പുകള്‍ എന്തെല്ലാമാണ്, സ്കൂളുകള്‍ കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദമാക്കാന്‍ എന്തെല്ലാം നടപടിയെടുക്കാനാകും, അടുത്ത കാലത്ത് ലോകത്ത് വരാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തെല്ലാമാകും, എ.ഐ യുഗത്തിലെ സാധ്യതകള്‍ എന്തൊക്കെയാണ്, കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ എന്ത് നടപടി സ്വീകരിക്കും, ജില്ലയില്‍ എന്തെല്ലാം മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്, കളക്ടറായിരിക്കെയുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍, കോഴിക്കോട്ടെ ഏറ്റവും ഇഷ്ടമായ സ്ഥലങ്ങള്‍, പൂര്‍ത്തീകരിക്കാനാവാത്ത സ്വപ്നങ്ങള്‍… എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത്. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കെല്ലാം കളക്ടര്‍ മറുപടി നല്കി.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിവിധ ഗെയിമുകളിലും പങ്കാളിയായ കളക്ടര്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം പുസ്തകങ്ങളും സമ്മാനിച്ചു. സ്കൂളിലെ അധ്യാപകരും സംബന്ധിച്ചു. എല്ലാ ബുധനാഴ്ചകളിലും വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി കളക്ടര്‍ സംവദിക്കുന്ന പരിപാടിയാണ് ‘കുട്ട്യോളും കളക്ടറും’. ജില്ലാ കളക്ടറുടെ ഇന്േറണ്സിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളില്‍ ആത്മവിശ്വാസവും സഹകരണ മനോഭാവവുമെല്ലാം വളര്‍ത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.



