KOYILANDY DIARY.COM

The Perfect News Portal

രാജീവ് ഗാന്ധി വധക്കേസ്: നളിനി പരോള്‍ പൂര്‍ത്തിയാക്കി ജയിലില്‍ തിരിച്ചെത്തി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി പരോള്‍ കാലാവധിയായ 51 ദിവസം പൂര്‍ത്തിയാക്കി ജയിലില്‍ തിരിച്ചെത്തി. ഒക്ടോബര്‍ 15 വരെ പരോള്‍ നീട്ടണമെന്ന നളിനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി 30 ദിവസത്തെ പരോളാണ് മദ്രാസ് ഹൈക്കോടതി നളിനിക്ക് ആദ്യം അനുവദിച്ചത്. ഇതുപ്രകാരം ജുലൈ 25ന് നളിനി പുറത്തിറങ്ങി. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു പരോള്‍. പിന്നീട് നളിനിയുടെ അപേക്ഷ പരിഗണിച്ച്‌ മൂന്നാഴ്ച കൂടി പരോള്‍ നീട്ടി നല്‍കുകയും ചെയ്തു. ഇതിന് ശേഷം മൂന്നാമതും പരോള്‍ നീട്ടാന്‍ അനുമതി തേടി മദ്രാസ് ഹൈക്കോടതിയില്‍ എത്തിയെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു. 

മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയെ വധിച്ച കേസില്‍ നളിനി ഉള്‍പ്പടെ ആറ് പേരാണ് ജീവപര്യന്തം തടവു ശിക്ഷയുമായി ജയിലില്‍ കഴിയുന്നത്. നേരത്തെ വധശിക്ഷയായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ശിക്ഷ അനന്തമായി നീണ്ടുപോയതോടെ പ്രതികളുടെ ഹര്‍ജി പരിഗണിച്ച്‌ വധശിക്ഷ റദ്ദാക്കി ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

1991 മേയ് 21ന് തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്ബത്തൂരില്‍ വച്ച്‌ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!