KOYILANDY DIARY.COM

The Perfect News Portal

കടബാധ്യത: മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു

വില്ലുപുരം: കടബാധ്യത മൂലം മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ വില്ലുപുരത്താണ് ദാരുണമായ സംഭവം നടന്നത്. അരുണ്‍, ഭാര്യ ശിവകാമി, ഇവരുടെ മക്കളായ പ്രിയദര്‍ശിനി (5), യുവ ശ്രീ (3), ഭാരതി (1) എന്നിവരാണ് മരിച്ചത്.

സംഭവം ചിത്രീകരിച്ച്‌ അരുണ്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തുവെന്ന് പൊലീസ് പറയുന്നു. ധാരാളം മൂന്നക്ക ലോട്ടറി ടിക്കറ്റ് വാങ്ങിയത് കാരണം താന്‍ വലിയ കടത്തില്‍ അകപ്പെട്ടുവെന്ന് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അരുണ്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സയനൈഡ് ഉള്ളില്‍ ചെന്നാണ് അഞ്ചു പേരും മരിച്ചത്.

വീഡിയോ ലഭിച്ചതിന് പിന്നാലെ സുഹൃത്തുക്കള്‍ വിവരം പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ പൊലീസ് വീട്ടിലെത്തി അഞ്ചു പേരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.  മൃതദേഹങ്ങള്‍ വില്ലുപുരം സര്‍ക്കാര്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അരുണിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ആളുകളില്‍ നിന്നും പലിശക്കാരില്‍ നിന്നും അരുണ്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ കടം കൂടിയതോടെ അരുണ്‍ സ്ഥിരമായി ലോട്ടറി എടുക്കാന്‍ തുടങ്ങി. പക്ഷേ ഭാഗ്യം അരുണിനെ തുണച്ചില്ല. തമിഴ്‌നാട്ടില്‍ അനധികൃത ലോട്ടറി വില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 200 കേസുകളാണ് അനധികൃത ലോട്ടറി കച്ചവടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!