മനീഷ് പാണ്ഡേയ്ക്ക് പകരം ദിനേശ് കാർത്തിക്കിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി
മുംബൈ: പരുക്കേറ്റ മനീഷ് പാണ്ഡേയ്ക്ക് പകരം ദിനേശ് കാർത്തിക്കിനെ ഐ സി സി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഐ പി എല്ലിനിടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ മനീഷ് പാണ്ഡേയ്ക്ക് പരുക്കേറ്റത്. ജൂൺ ഒന്നിന് ഇംഗ്ലണ്ടിലാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാവുക.
വിജയ് ഹസാരെ ട്രോഫിയിലെയും ഐ പി എല്ലിലെയും മികവാണ് കാർത്തിക്കിനെ ടീമിലെത്തിച്ചത്. കാർത്തിക് വിജയ് ഹസാരെ ട്രോഫിയിൽ ഒൻപത് കളിയിൽ രണ്ട് സെഞ്ച്വറിയോടെ 607 റൺസെടുത്തിരുന്നു. രഞ്ജി ട്രോഫിയിലും മികച്ച പ്രകടമായിരുന്നു.
ഐപിഎല്ലിൽ ഗുജറാത്ത് ലയൺസിന്റെ വിക്കറ്റ് കീപ്പറായിരുന്ന കാർത്തിക് 361 റൺസും നേടി. എം എസ് ധോണിയാണ് ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ. ജൂൺ നാലിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.
2013ൽ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു കാർത്തിക്. 23 ടെസ്റ്റിലും 71 ഏകദിനത്തിലും ഒന്പത് 20-20 യിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.