KOYILANDY DIARY.COM

The Perfect News Portal

എട്ടാം കല്യാണത്തിനൊരുങ്ങുമ്പോള്‍ വിവാഹതട്ടിപ്പ് വീരന്‍ പോലീസ് പിടിയില്‍

മലപ്പുറം: ഒരു കല്യാണത്തിന്റെ കടം തീര്‍ക്കാന്‍ മറ്റൊരു കല്യാണം. അങ്ങനെ ഏഴു കല്യാണം. എട്ടാം കല്യാണത്തിനൊരുങ്ങുമ്പോള്‍ വിവാഹതട്ടിപ്പ് വീരന്‍ പോലീസ് പിടിയില്‍. സംഭവം മറ്റ് സംസ്ഥാനങ്ങളിലൊന്നുമല്ല കേരളത്തില്‍ തന്നെയാണ്. കാളികാവ് പോലീസ് സ്റ്റേഷനിലാണ് വിവാഹ തട്ടിപ്പ് വീരന്‍ പിടിയിലായത്. ഭര്‍ത്താവ് കബളിപ്പിച്ചെന്ന പരാതിയിലാണ് കുറ്റിപ്പുറം സ്വദേശിയെ കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്റെ ചുരുഴളിയുന്നത്.

കരുവാരക്കുണ്ടില്‍ നിന്ന് പിടിയിലായ ഇയാള്‍ക്കെതിരെ പരാതിയുള്ളതിനാല്‍ കാളികാവ് പോലീസിന് കൈമാറി. വിവാഹ സമയത്ത് നല്‍കിയ അന്‍പതിനായിരം രൂപയും വിദേശത്ത് പോകാന്‍ നല്‍കിയ മുപ്പതിനായിരം രൂപയും തിരികെ നല്‍കിയാല്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് കാളികാവ് സ്വദേശിനി അറിയിച്ചെങ്കിലും ഇയാളുടെ കൈവശം പണമില്ലായിരുന്നു. എന്നാല്‍ എണ്‍പതിനായിരമല്ല ഒരു ലക്ഷം നല്‍കാമെന്ന വാഗ്ദാനവുമായി ദല്ലാള്‍ എത്തിയതോടെയാണ് വിവാഹതട്ടിപ്പിന്റെ ആഴം പോലീസിന് പിടികിട്ടിയത്.

എട്ടാമത്തെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കെയാണ് അപ്രതീക്ഷിതമായി കേസില്‍ കുടുങ്ങുന്നത്. വിവാഹം നടന്ന് കിട്ടിയാല്‍ വന്‍തുകയാണ് ആമപ്പൊയില്‍ സ്വദേശിയായ ദല്ലാളിന് ലഭിക്കുക. ആവശ്യപ്പെട്ടതിലേറെ തുക ലഭിച്ചതോടെ കാളികാവ് സ്വദേശിനി പരാതി പിന്‍വലിച്ചു. ഇതേസമയം ഭര്‍ത്താവ് പിടിയിലായത് അറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ മറ്റ് ഭാര്യമാര്‍ക്ക് പരസ്പരം പരിചയപ്പെടാനുള്ള അവസരവുമായി.

ഒരു കല്യാണം കഴിച്ച്‌ കുട്ടിയുണ്ടായി സാമ്ബത്തിക ബാധ്യതയാവുന്നതോടെ മറ്റൊരു കല്യാണം കഴിക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പ് പുറത്തായെങ്കിലും പരാതി ഇല്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ പോലീസിന് ഒന്നും ചെയ്യാനില്ല. ഭര്‍ത്താവിന്റെ കൂടെ തുടരാനാണ് ആറു ഭാര്യമാരുടേയും തീരുമാനം. ദല്ലാളും ഒന്നിലേറെ വിവാഹം കഴിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!