അടച്ചിട്ടിരുന്ന കക്കയം ഹൈഡല്‍, ഇക്കോ ടൂറിസം സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
ബാലുശ്ശേരി: കക്കയം ഹൈഡല്‍, ഇക്കോ ടൂറിസം സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് 18 മുതല്‍ അടച്ചിട്ടിരുന്ന സെന്ററുകള്‍ കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. അവധി ദിവസങ്ങളായ ശനി, ഞായര്‍ ദിവസങ്ങളില്‍ നൂറു കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്.
ഞായറാഴ്ച മാത്രം 482 – ഓളം പേരാണ് കക്കയം ഡാം സൈറ്റ് ഏരിയയിലെത്തിയത്. ഹൈഡല്‍ ടൂറിസത്തിൻ്റെ ഭാഗമായുള്ള ബോട്ട് സര്‍വിസ് തുടങ്ങിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ഡാം സൈറ്റ് പ്രദേശത്ത് ശക്തമായ മഴയുമുണ്ട്. കക്കയം അങ്ങാടിയില്‍ നിന്നും ഡാം സൈറ്റിലേക്കുള്ള റോഡ് ഇപ്പോഴും തകര്‍ന്ന നിലയില്‍ തന്നെയാണ്. അപകടാവസ്ഥയിലായ ഭാഗങ്ങള്‍ താല്‍ക്കാലികമായി നന്നാക്കിയിട്ടുണ്ട്.