കൊല്ലം – ചെങ്കോട്ട റെയിൽപ്പാതയിലൂടെ കേരളത്തിന് ആദ്യമായി അനുവദിച്ച വിസ്റ്റാഡോം കോച്ചിന്റെ സർവീസ് ആരംഭിച്ചു
.
കൊല്ലം: കൊല്ലം – ചെങ്കോട്ട റെയിൽപ്പാതയിലൂടെ കേരളത്തിന് ആദ്യമായി അനുവദിച്ച വിസ്റ്റാഡോം കോച്ചിന്റെ സർവീസ് ആരംഭിച്ചു. മധുര– ഗുരുവായൂർ എക്സ്പ്രസ് (16327) പകൽ 11.35ന് മധുര ജങ്‌ഷനിൽനിന്ന് പുറപ്പെട്ടു. വൈകീട്ട് അഞ്ചേകാലോടെ തെന്മലയിൽ വെച്ച് കേരളത്തിലേക്ക് കടക്കും. വിശാലമായ ഗ്ലാസ് ജനാലകളും സുതാര്യമായ മേൽക്കൂരയുമുള്ള കോച്ചിലൂടെ പശ്ചിമഘട്ടത്തിലെ വനങ്ങളും മലനിരകളും താഴ്‌വരകളും ആസ്വദിക്കാനാകും.

ഇരുദിശകളിലുമുള്ള ട്രെയിനുകൾ പകൽസമയത്ത് വനമേഖലയിലൂടെ കടന്നുപോകുന്നതിനാൽ പ്രകൃതി ദൃശ്യങ്ങൾ കാണാൻ മികച്ച അവസരമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. സഞ്ചാരികൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നവിധം പരമാവധി സ്റ്റേഷനുകളിലും നിർത്തിയാണ് ചെങ്കോട്ട, – കൊല്ലം പാതയിലൂടെ ട്രെയിൻ സർവീസ് നടത്തുന്നത്.

ചെങ്കോട്ട, ഭഗവതിപുരം, ആര്യങ്കാവ്, ന്യു ആര്യങ്കാവ്, ഇടപ്പാളയം, കഴുതുരുട്ടി, തെന്മല, ഒറ്റയ്ക്കൽ, ഇടമൺ, പുനലൂർ, ആവണീശ്വരം, കുറി, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ ഈസ്റ്റ്, കുണ്ടറ, ചന്ദനത്തോപ്പ്, കിളികൊല്ലൂർ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്താണ് ട്രെയിൻ കൊല്ലത്ത് എത്തിച്ചേരുക.




