KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി യു.പി. സ്കൂളിൽ ലൈബ്രറിയും മിനി ഹാളും ഉദ്‌ഘാടനം നവംബർ 14-ന്: പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

.

കൊയിലാണ്ടി: 1914-ൽ സ്ഥാപിതമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴികാട്ടിയായ പുളിയഞ്ചേരി യു.പി. സ്കൂളിൽ സ്ഥാപകനായ ശ്രീ ചാത്തപ്പൻ ഗുരുക്കളുടെ സ്മരണയ്ക്കായി ഒരുക്കിയ ലൈബ്രറിയും മിനി ഹാളും നവംബർ 14-ന് സ്കൂളിന് സമർപ്പിക്കും. ഉദ്ഘാടന പരിപാടിയുടെ പ്രചാരണാർത്ഥമുള്ള പോസ്റ്റർ പ്രകാശനം സ്കൂൾ ലീഡർ ധ്രുവദർശ് വി. സ്കൂളിലെ കായിക പ്രതിഭ ലൂമിന മറിയത്തിന് നൽകി നിർവഹിച്ചു.

 

സ്കൂൾ ഡെപ്യൂട്ടി ലീഡർ ആരവ് കെ.ടി, സ്പോർട്സ് ലീഡർ ധൻവിൻ കെ.വി, ശുചിത്വ-ഭക്ഷ്യ ചുമതലയുള്ള ലീഡർ അമൻ മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ ചാത്തപ്പൻ ഗുരുക്കളുടെ മക്കളായ എം.വി. സാവിത്രി ടീച്ചറും എം.വി. ലക്ഷ്മി ടീച്ചറും ചേർന്നാണ് ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നത്. ഇതോടനുബന്ധിച്ച് സ്കൂളിലെ പൂർവാധ്യാപകനായ കായലാട്ട് നാരായണൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ വായനാപുരസ്കാര വിതരണവും പൂർവാധ്യാപക-വിദ്യാർത്ഥി സംഗമവും നടക്കും. പരിപാടികളുടെ ഉദ്ഘാടനം അഡ്വ. കെ. പ്രവീൺകുമാർ എംഎൽഎ നിർവഹിക്കും.

 

മൺമറഞ്ഞുപോയ ഗുരുനാഥന്മാരുടെ ഫോട്ടോകളുടെ അനാച്ഛാദനം നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ നിർവഹിക്കും. കവിയും സാഹിത്യകാരനുമായ വീരാൻകുട്ടി മുഖ്യാതിഥിയാകും. മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരവിതരണം വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ നിർവഹിക്കും. സാഹിത്യകാരൻ മോഹനൻ നടുവത്തൂർ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. 

 

Share news