ഇടിമിന്നലിൽ വൻ ദുരന്തം: എരുമേലിയിൽ 12 പശുക്കൾ കൂട്ടത്തോടെ ചത്തു
.
കോട്ടയം: തുലാവർഷം ശക്തിപ്രാപിക്കുന്നതിനിടെ എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. എസ്റ്റേറ്റ് മേഖലയിൽ അഴിച്ചുവിട്ട് വളർത്തിയിരുന്ന 12 പശുക്കളെയാണ് ഇടിമിന്നലേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്. ഉടമകൾക്ക് കനത്ത നഷ്ടം. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

എസ്റ്റേറ്റ് പരിസരത്ത് മേയാൻ വിട്ടിരുന്ന പശുക്കളാണ് അപകടത്തിൽപ്പെട്ടത്.
ഒരു കുടുംബത്തിന്റെ ഉപജീവനമാർഗമായിരുന്ന കന്നുകാലികളെ ഒറ്റയടിക്ക് നഷ്ടപ്പെട്ടതോടെ ഉടമകൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവരമറിഞ്ഞതോടെ എരുമേലി പോലീസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തദ്ദേശവാസികൾ, എസ്റ്റേറ്റ് തൊഴിലാളികൾ എന്നിവരടക്കം നിരവധി പേർ സ്ഥലത്തെത്തി.

സംഭവത്തെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. തുലാവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത അനിവാര്യം. ഇടിമിന്നലുള്ള സമയങ്ങളിൽ വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലങ്ങളിൽ വിടാതെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പ്രകൃതിയുടെ അപ്രതീക്ഷിത പ്രഹരം മനുഷ്യർക്കു മാത്രമല്ല, മിണ്ടാപ്രാണികൾക്കും വലിയ ദുരന്തമായി മാറുകയാണ്. ഇടിമിന്നൽ സമയത്ത് വളർത്തുമൃഗങ്ങളുടെ സുരക്ഷയ്ക്കും എല്ലാവരും പ്രത്യേക ശ്രദ്ധ നൽകുക.



