KOYILANDY DIARY.COM

The Perfect News Portal

അംഗന്‍വാടിയില്‍ പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പം പിറന്നാൾ ആഘോഷിച്ച് വിഹാൻ എന്ന കൊച്ചു മിടുക്കൻ

കൊയിലാണ്ടി: വിഹാന്‍ എസ് ഗോവിന്ദിന്റെ നാലാം പിറന്നാള്‍ കുറുവങ്ങാട് 68-ാം നമ്പര്‍ അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ആഹ്‌ളാദത്തിന്റെ ദിനമായി മാറി. പിറന്നാള്‍ ആഘോഷം താന്‍ ദിവസവും പോകുന്ന തന്റെ അംഗന്‍വാടിയില്‍ പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പമാകണമെന്ന ആഗ്രഹം നടപ്പിലായ സന്തോഷവുമായാണ് വിഹാന്‍. രാവിലെ തന്നെ അംഗന്‍വാടിയിലെത്തിയത്. കൂട്ടുകാര്‍ക്ക് കളിക്കാനായി പതിനായിരത്തിലധികം രൂപ വിലവരുന്ന നിരവധി കളിക്കോപ്പുകളുമായാണ് വിഹാനൊപ്പം അച്ഛനും അമ്മയും ഏട്ടനുമെല്ലാമെത്തിയത്.

കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാനായ കെ.ഷിജുവിന്റേയും സി.കെ.ജി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക  രഗിനയുടേയും മകനാണ് വിഹാന്‍. കഴിഞ്ഞ വര്‍ഷം ഇവരുടെ മൂത്ത മകന്‍ ഋഥ്വയ് എസ്.ഗോവിന്ദിന്റെ പിറന്നാളിന് അവന്‍ പഠിക്കുന്ന കുറുവങ്ങാട് സൗത്ത് യുപി സ്‌കൂളില്‍ ക്ലാസ് ലൈബ്രറിക്ക് ഷെല്‍ഫ് നല്‍കിയാണ് പിറന്നാള്‍ ആഘോഷിച്ചത്. ഇത് കണ്ട നിരവധി രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ പിറന്നാളിന് പുസ്തക ഷെല്‍ഫ് കൈമാറിയിരുന്നു.

അംഗന്‍വാടിയിലെ കൊച്ചു കുട്ടുകാരന്‍ ഷെബിന്‍, വിഹാന് പ്രത്യേക സമ്മാനം നല്‍കിയാണ് സ്വീകരിച്ചത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യനും, കൗണ്‍സിലറായ പി.എം.ബിജുവും കുടുംബശ്രീ എ.ഡി.എസ് കെ.കെ.ബീനയുമെല്ലാം പിറന്നാള്‍ ദിനത്തില്‍ ആശംസ അര്‍പ്പിക്കാനായി അംഗന്‍വാടിയിലെത്തിയിരുന്നു. അംഗന്‍വാടി ജീവനക്കാരായ സി.പി ഷീലയും, സി.കെ ശൈലജയും വേറിട്ട പിറന്നാള്‍ ആഘോഷത്തിന് നേതൃത്വം കൊടുക്കാന്‍ മറ്റുരക്ഷിതാക്കളേയും ക്ഷണിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!