ജടായു വീണത് എവിടെ? ചടയമംഗലത്തോ ലേപാക്ഷിയിലോ
.
രാമായണ സിനിമയ്ക്ക് പിന്നാലെ ജടായു വീണ സ്ഥലത്തെച്ചൊല്ലി സോഷ്യൽമീഡിയയിൽ വാക്പോര് രൂക്ഷമാകുന്നു. കേരളത്തിൽ കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജടായുപാറയെ ചൂണ്ടിയാണ് മലയാളികൾ വാദിക്കുന്നതെങ്കിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്നും അവകാശവാദം ഉയർന്നുകഴിഞ്ഞു.

ഇതോടെ സീതയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ രാവണനുമായി ഏറ്റുമുട്ടിയ ജടായു പക്ഷി എവിടെയാണ് വീണത് എന്ന ചോദ്യവും ശക്തമായി. രാമന്റെയും പിതാവ് ദശരഥന്റെയും സുഹൃത്തായ ജടായു, സീതയെ തട്ടിക്കൊണ്ടുപോകുന്ന രാവണനെ ആകാശത്തുവെച്ച് തടയാൻ ശ്രമിക്കുന്നതും ശിവനിൽനിന്നും ലഭിച്ച ചന്ദ്രഹാസം ഉപയോഗിച്ച് രാവണൻ ജടായുവിന്റെ ചിറക് വെട്ടിവീഴ്ത്തുന്നതും രാമായണത്തിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണ്.

ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ ജടായുവിനെ പിന്നീട് രാമനും ലക്ഷ്മണനും കണ്ടെത്തുകയും സീതയെ രാവണൻ ലങ്കയിലേക്ക് കൊണ്ടുപോയ വിവരം ജടായു അറിയിക്കുകയും ചെയ്യുന്നതാണ് കഥ. ജടായു വീണതായി പറയപ്പെടുന്ന മൂന്ന് സ്ഥലങ്ങളിൽ നിന്നാണ് ഇപ്പോൾ വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുള്ളത്.

കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ജടായുപാറ സ്ഥിതിചെയ്യുന്നത്. ജടായുവിന്റെ പതനസ്ഥലമെന്നാണ് വിശ്വാസം. പ്രദേശത്തിന്റെ പഴയ പേര് ജടായുമംഗലം എന്നായിരുന്നുവെന്നും പിന്നീട് ചടയമംഗലം എന്നായി മാറിയെന്നുമാണ് പ്രാദേശിക ഐതിഹ്യം. ഇവിടെയാണ് ലോകപ്രശസ്തമായ ജടായു എർത്ത് സെന്റർ സ്ഥിതി ചെയ്യുന്നത്.
2018ൽ ഉദ്ഘാടനം ചെയ്ത ഈ വിനോദസഞ്ചാര കേന്ദ്രം ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപമാണെന്ന് അറിയപ്പെടുന്നു. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1000 അടി ഉയരത്തിലുള്ള പാറമുകളിലാണ് ഈ ശിൽപം സ്ഥിതി ചെയ്യുന്നത്. രാജീവ് അഞ്ചലാണ് ശിൽപം രൂപകൽപ്പന ചെയ്ത് നിർമിച്ചത്. സാഹസിക വിനോദങ്ങൾക്കും കേബിൾ കാർ യാത്രയ്ക്കും മ്യൂസിയത്തിനും പേരുകേട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.
ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിന് സമീപമുള്ള ലേപാക്ഷിയാണ് ജടായുവിന്റെ പതനസ്ഥലമെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. പരിക്കേറ്റ് കിടക്കുന്ന ജടായുവിനെ രാമൻ കണ്ടെത്തിയപ്പോൾ തെലുങ്കിൽ ‘എഴുന്നേൽക്കൂ പക്ഷി’ എന്ന അർഥം വരുന്ന ‘ലേ പക്ഷി’ എന്ന് പറഞ്ഞതിൽ നിന്നാണ് ലേപാക്ഷി എന്ന പേര് ഉണ്ടായതെന്നാണ് വിശ്വാസം. 2015ൽ ഇവിടെ ജടായുവിന്റെ ശിൽപവും നിർമിച്ചിട്ടുണ്ട്. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് നിർമിച്ച വീരഭദ്ര ക്ഷേത്രവും ഇവിടുത്തെ പ്രധാന ആകർഷണമാണ്.
തമിഴ്നാട്ടിലെ കാഞ്ചീപുരത്തിന് സമീപമുള്ള തിരുപ്പുട്ട്കുഴി എന്ന സ്ഥലത്താണ് ജടായു വീണതെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. ജടായു പക്ഷിയെ സംസ്കരിച്ച കുഴി എന്ന അർഥത്തിലാണ് തിരുപ്പുട്ട്കുഴി എന്ന പേര് ഉണ്ടായതെന്നാണ് വിശ്വാസം. ജടായുവിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ വെള്ളം ആവശ്യമായപ്പോൾ ശ്രീരാമൻ തന്റെ വില്ലുകൊണ്ട് ഭൂമിയിൽ കുത്തി നീരുറവ സൃഷ്ടിച്ചെന്നും പ്രദേശത്തെ പ്രധാന വിശ്വസമാണ്. ഈ ജലാശയം ജടായു പുഷ്കരണി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ വിജയരാഘവ പെരുമാൾ ക്ഷേത്രവുമുണ്ട്.
അതേസമയം ‘രാമായണ: പാർട്ട് 1’ എന്ന ചിത്രത്തിലെ ജടായുവും രാവണനും തമ്മിലുള്ള ആകാശയുദ്ധത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ കൊല്ലത്തെ ജടായു പാറയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്. നിലവിൽ പ്രതിദിനം 3,200 മുതൽ 4,000 വരെ ആളുകൾ എത്തുന്നുണ്ടെന്നാണ് ജടായു എർത്ത് സെന്ററിലെ അധികൃതർ പറയുന്നത്. വരും ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം 5,000 വരെ ഉയരുമെന്നാണ് പ്രതീക്ഷ. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ സഞ്ചാരികളെത്തുന്നത്. കേബിൾ കാർ യാത്രയും വാക്ക് വേയും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് കേന്ദ്രത്തിലുള്ളത്.



