KOYILANDY DIARY

The Perfect News Portal

വയനാട്‌ ഇൻഡോർ സ്‌റ്റേഡിയം യാഥാർത്ഥ്യത്തിലേക്ക്

കൽപ്പറ്റ: വയനാടിന്റെ കായിക മേഖലയിൽ പുതുവസന്തം സമ്മാനിക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. ജില്ലയിലെ കായിക പ്രേമികളും താരങ്ങളും സ്വപ്‌നം പോലും കാണാത്ത അത്യാധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയം നാടിന്‌ സമർപ്പിച്ചതിന്‌ പിന്നാലെ  മൾട്ടി പർപ്പസ്‌ ഇൻഡോർ സ്‌റ്റേഡിയവും യാഥാർത്ഥ്യത്തിലേക്കടുക്കുകയാണ്‌.
കിഫ്‌ബിയിൽ 18.67 കോടി രൂപ ചെലവിൽ നിർമിച്ച  ജില്ലാ സ്റ്റേഡിയം കഴിഞ്ഞ സെപ്‌തംബറിലാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. അന്തർദേശീയ നിലവാരമുള്ള എട്ട് ലൈനുകളുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോൾ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്‌തീർണമുള്ള വിഐപി ലോഞ്ച്, കളിക്കാർക്കും മാധ്യമപ്രവർത്തകർക്കുമുള്ള ഓഫീസ് മുറികൾ, 9400 ചതുരശ്ര അടി വിസ്‌തീർണമുള്ള ഹോസ്റ്റൽ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9500 ചതുരശ്ര അടി വിസ്‌തീർണത്തിൽ രണ്ടുനിലകളിൽ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയെല്ലാം  ജില്ലാ സ്‌റ്റേഡിയത്തിലുണ്ട്‌.
Advertisements
അഞ്ച് ഏക്കറിൽ 75,000 ചതുരശ്ര അടിയിലൊരുക്കുന്ന  ഇൻഡോർ സ്‌റ്റേഡിയം നിർമാണം 95 ശതമാനവും പൂർത്തിയായി. സി കെ ഓങ്കാരനാഥന്റെ പേരിലുള്ള സ്‌റ്റേഡിയത്തിൽ ഒളിമ്പിക്‌സ്‌ നിലവാരത്തിൽ രണ്ട് സ്വിമ്മിങ് പൂൾ, 15 ഗെയിമുകൾക്കുള്ള കോർട്ട്, അയ്യായിരം പേർക്ക് ഇരിക്കാവുന്ന ഗ്യാലറി, ചുറ്റും പൂന്തോട്ടം തുടങ്ങി വിവിധങ്ങളായ സൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കൽപ്പറ്റ നഗരസഭ വിട്ടുനൽകിയ അഞ്ചേക്കറിലാണ് സ്റ്റേഡിയം. എല്ലാ പഞ്ചായത്തിലും സ്‌റ്റേഡിയം എന്ന പദ്ധതിയും പുരോഗമിക്കുകയാണ്‌.
ഇൻഡോറിൽ പൂർത്തിയാവാനുള്ളത്‌ ഫ്ലോറിങ്‌ പ്രവൃത്തി
ഇൻഡോർ സ്‌റ്റേഡിയത്തിൽ അവശേഷിക്കുന്നത്‌ ഫ്ലോറിങ്‌ പ്രവൃത്തി. 95 ശതമാനം പണിയും നേരത്തെ കഴിഞ്ഞതാണ്‌. കോർട്ടിന്റെ ഫ്ലോറിങ്‌ പൂർത്തിയാക്കി സ്‌റ്റേഡിയം നാടിന്‌ സമർപ്പിക്കാനുള്ള പദ്ധതി അതിവേഗത്തിൽ ആസൂത്രണം ചെയ്യുമ്പോഴാണ്‌  ചില സാങ്കേതിക തടസ്സം നേരിട്ടത്‌. ഫ്ലോറിങ്‌ നിർമാണം ഏറ്റെടുത്ത ഉപകരാറുകാർക്ക്‌ പ്രവൃത്തി തുടരാൻ കഴിയാതെയായി. ഇതോടെ പുതിയ ടെൻഡർ വിളിക്കേണ്ടിവന്നു. 25,000 ചതുരശ്ര അടിയിലുള്ള കോർട്ടിൽ ബാസ്‌കറ്റ് ബോൾ, വോളിബോൾ, ബാഡ്മിന്റൺ, ഹാൻഡ്ബോൾ, ടേബിൾ ടെന്നീസ് തുടങ്ങി പതിനഞ്ചോളം ഗെയിമുകൾ കളിക്കാനാവും. കോർട്ടിന്റെ സീലിങ്‌ പുരോഗമിക്കുകയാണ്‌. കിഫ്ബി ഫണ്ടിൽ 40 കോടി രൂപ വിനിയോഗിച്ചാണ് സ്‌റ്റേഡിയത്തിന്റെ നിർമാണം.