ഉഗ്ര വിഷമുള്ള മൂർഖനിൽ നിന്ന് വീട്ടമ്മയെ രക്ഷിച്ചത് രണ്ട് വളർത്തുപൂച്ചകൾ
.
കോഴിക്കോട്: വടകര മന്തരത്തൂരിൽ ഉഗ്ര വിഷമുള്ള മൂർഖനിൽ നിന്ന് വീട്ടമ്മയെ രക്ഷിച്ചത് രണ്ട് വളർത്തുപൂച്ചകൾ. മന്തരത്തൂരിലെ കുഴിച്ചാലിൽ സുനിതയുടെ വീട്ടിലെ അടുക്കളയിലാണ് പാമ്പ് കയറിയത്. സിനി’ എന്ന് പേരുള്ള രണ്ട് വളർത്തു പൂച്ചകൾ അപകട സൂചന നൽകി കാര്യം സുനിതയെ അറിയിച്ചു. പൂച്ചകളുടെ സമയോചിതമായ ഇടപെടലാണ് സുനിതയ്ക്ക് തുണയായത്. വീട്ടില്‍ ആളനക്കമില്ലാത്ത സമയത്ത് മൂര്‍ഖന്‍ പാമ്പ് അടുക്കള ഭാഗത്തേക്ക് കയറുകയും ഗാസ് സിലിണ്ടറിന് സമീപം നിലയുറപ്പിക്കുകയും ചെയ്തു.

ഒരു പൂച്ച പാമ്പിനെ ശ്രദ്ധിച്ച് കാവലിരുന്നപ്പോൾ, മറ്റൊന്ന് പുറത്തുണ്ടായിരുന്ന സുനിതയുടെ അടുത്തെത്തി അസ്വാഭാവികമായി കരഞ്ഞും അടുക്കളയിലേക്ക് ഓടിയും അപകടം അറിയിക്കുകയായിരുന്നു. പിന്നാലെ എത്തിയ സുനിത അടുക്കളയിൽ പാമ്പിനെ കണ്ടതോടെ ഭർത്താവിനെയും നാട്ടുകാരെയും വിവരമറിയിച്ചു. പാമ്പ് പിടിത്ത വിദഗ്ധനായ അമീർ എത്തി മൂർഖനെ സുരക്ഷിതമായി പിടികൂടി. വളർത്തുമൃഗങ്ങളുടെ സ്നേഹവും വിശ്വസ്തതയും തെളിയിക്കുന്ന ഈ സംഭവത്തോടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പൂച്ചകുട്ടികൾ.




