KOYILANDY DIARY

The Perfect News Portal

മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് ഇരുവരേയും താഴെയെത്തിച്ചത്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവർ കുടുങ്ങിയത്. മൂന്ന് പേരായിരുന്നു മലമുകളിലേക്ക് കയറിയത്.

രാവിലെ പതിനൊന്നു മണിയോടെയാണ് മൂവരും ട്രക്കിങ്ങിനു പോയത്. വൈകുന്നേരത്തെ ശക്തമായ മഴയിൽ ചോലകൾ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷംനാസ് താഴെയെത്തി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് കരുവാരകുണ്ട് പോലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടത്. രാത്രി സമയവും മഴയുമായതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഉടൻ കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തെത്താൻ കഴിയില്ലെന്നും ദുർഘട പാതയായതിനാൽ വഴി വെട്ടിത്തെളിച്ച് പോകേണ്ട സാഹചര്യമുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചിരുന്നു.