KOYILANDY DIARY

The Perfect News Portal

എസ്‌എസ്‌എൽസി കോഴിക്കോട് ജില്ല നൂറിനോടടുത്തു

എസ്‌എസ്‌എൽസി കോഴിക്കോട് ജില്ല നൂറിനോടടുത്തു.. കോഴിക്കോട്‌: എസ്‌എസ്‌എൽസി പരീക്ഷാഫലത്തിൽ ജില്ലക്ക്‌ പൊൻതിളക്കം. 99.86 ശതമാനം വിജയവുമായി സമീപകാലത്തെ മികച്ച നേട്ടമാണുണ്ടാക്കിയത്‌. 2021 ലെ 99.68 ശതമാനത്തെ ഇത്തവണ മറികടക്കാനായി. 2022ൽ  99.5 ശതമാനം, 2020ൽ 99.3, 2019 ൽ 98.54 എന്നിങ്ങനെയായിരുന്നു വിജയം. സംസ്ഥാനത്ത്‌ കോട്ടയത്തിന്‌ പിറകിൽ നാലാം സ്ഥാനത്താണ്‌ ജില്ല. 65 സർക്കാർ സ്‌കൂൾ 100 ശതമാനം വിജയം നേടി. 7917 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ നേടി. കഴിഞ്ഞ വർഷം 5466 വിദ്യാർഥികൾക്കായിരുന്നു മുഴുവൻ എ പ്ലസ്‌. വടകര വിദ്യാഭ്യാസ ജില്ലയിൽ 3029, കോഴിക്കോട്‌ 1925, താമരശേരി 2963 കുട്ടികൾ ഈ നേട്ടം കൈവരിച്ചു. എ പ്ലസ്‌ നേടിയവരുടെ എണ്ണത്തിൽ സംസ്ഥാന തലത്തിൽ വടകര വിദ്യാഭ്യാസ ജില്ലക്ക്‌ രണ്ടാം സ്ഥാനവുമുണ്ട്‌.

പരീക്ഷ എഴുതിയ 43,101ൽ 43,040 പേരും ഉന്നതപഠനത്തിന്‌ അർഹരായി.  22,020 ആൺകുട്ടികളും 21,081 പെൺകുട്ടികളുമാണ്‌ പരീക്ഷ എഴുതിയത്‌. 21,983 ആൺകുട്ടികളും 21,057 പെൺകുട്ടികളും ഉന്നതപഠനത്തിന്‌ യോഗ്യത നേടി. വടകര വിദ്യാഭ്യാസ ജില്ലയിലാണ്‌ ഉയർന്ന വിജയം-99.94 ശതമാനം. കോഴിക്കോട്‌–99.75 ശതമാനവും താമരശേരി 99.87 ശതമാനവും. വടകര വിദ്യാഭ്യാസ ജില്ലയിൽ 15,698, കോഴിക്കോട്‌ 12,535, താമരശേരി 14,868 വിദ്യാർഥികളാണ്‌ പരീക്ഷയ്‌ക്കിരുന്നത്‌. വിദ്യാഭ്യാസ വകുപ്പും സ്‌കൂളുകളും രക്ഷിതാക്കളും നൽകിയ പിന്തുണയിൽ വിദ്യാർഥികളുടെ കഠിനപരിശ്രമമാണ്‌ അഭിമാനവിജയം സമ്മാനിച്ചത്‌.
Advertisements