KOYILANDY DIARY

The Perfect News Portal

പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം; കൊല്ലത്ത് ‘എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേള ആരംഭിച്ചു

പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേള കൊല്ലത്ത് ആരംഭിച്ചു. ആശ്രമം മൈതാനത്ത് മെയ് 18നാണ് പരിപാടി തുടങ്ങിയത്. ഈ മാസം 24ന് സമാപിക്കുന്ന മേളയുടെ പ്രധാന ആകര്‍ഷണങ്ങള്‍ കലാസാംസ്കാരിക പരിപാടികള്‍, ഭക്ഷ്യമേള, ആക്റ്റിവിറ്റി കോര്‍ണര്‍, കിഫ്‍ബി വികസന പ്രദര്‍ശനം, ശീതീകരിച്ച 220 സ്റ്റാളുകള്‍, ‘കേരളം ഒന്നാമത്’ പ്രദര്‍ശനം, ടൂറിസം പവലിയൻ, ഡോഗ് ഷോ, 360 ഡിഗ്രി സെൽഫി ബൂത്ത്, കാര്‍ഷിക-പ്രദര്‍ശന-വിപണന മേള, ക്വിസ് മത്സരങ്ങള്‍, അമ്യൂസ്‍മെന്‍റ് ഏരിയ തുടങ്ങിയവയാണ്.

ഇന്ന് വൈകിട്ട് 5 മണിക്ക് ജിഷ്‍ണു മോഹൻ അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷനും വൈകീട്ട് ഏഴ് മണിക്ക് റോഷിന്‍ ദാസ് ആൻഡ് ബാൻഡിന്റെ പരിപാടിയും നടക്കും. നാളെ (മെയ് 21) വൈകിട്ട് ഏഴ് മണിക്ക് പ്രശസ്ത ​ഗായകൻ ഷഹബാസ് അമന്റെ സം​ഗീത പരിപാടി നടക്കും. മെയ് 22 വൈകിട്ട് ഏഴിന് ഈറ്റില്ലം മ്യൂസിക് ബാൻഡ് സംഗീത പരിപാടി അവതരിപ്പിക്കും.

Advertisements

മെയ് 23 വൈകിട്ട് അഞ്ചിന് ആദിത്യ യോഗഡാൻസ്. വൈകിട്ട് ആറിന് കാര്‍ത്തിക് സ്റ്റാൻഡപ് കോമഡി, വൈകിട്ട് ഏഴിന് രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴൽ ഫ്യൂഷൻ. മെയ് 24ന് വൈകിട്ട് അഞ്ചിന് മെന്‍റലിസ്റ്റ് യദു ഷോ, ഏഴിന് ആൽമരം മ്യൂസിക് ബാൻഡ് എന്നിവ നടക്കും. മെയ് 24ന് വൈകീട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. പരിപാടി നടക്കുന്ന എല്ലാ ദിവസവും രാവിലെ 11നും വൈകീട്ട് മൂന്നിനും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സെമിനാറുകള്‍ നടക്കും.

Advertisements

ആരോഗ്യ പരിശോധന, ആധാര്‍ സേവനങ്ങള്‍, പാരന്‍റിങ് – ന്യൂട്രിഷൻ കൗൺസലിങ്, ജോബ് പോര്‍ട്ടൽ രജിസ്ട്രേഷൻ, എംപ്ലോയ്‍മെന്‍റ് രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളും എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേളയിൽ ലഭ്യമാണ്. ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്.