KOYILANDY DIARY.COM

The Perfect News Portal

സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേട്: കടുത്ത നടപടികളുമായി ധനവകുപ്പ്

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷനിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ നടപടികളുമായി ധനവകുപ്പ്. കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ മന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി. പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കാണ്‌ നിർദേശം നൽകിയത്‌.

Advertisements

ഇതുമായി ബന്ധപ്പെട്ട്‌ സ്വീകരിക്കുന്ന തുടർ നടപടികൾ അടിയന്തിരമായി റിപ്പോർട്ട്‌ ചെയ്യാനും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്‌. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ്‌ വിജിലൻസ്‌ ആന്റി കറപ്‌ക്ഷൻ ബ്യൂറോയുടെ അന്വേഷണം. ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്ന്‌ കണ്ടെത്തിയിരുന്നു.

 

ഒരാൾ മരണപ്പെട്ടു. ബിഎംഡബ്ല്യൂ അടക്കമുള്ള ആഡംബര കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നാണ്‌ കണ്ടെത്തിയത്‌. പങ്കാളികളിൽ ഒരാൾ സർവീസ്‌ പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ്‌ ധന വകുപ്പ്‌ പരിശോധനാ വിഭാഗം റിപ്പോർട്ട്‌ ചെയ്‌തത്‌. കോട്ടയ്‌ക്കൽ നഗരസഭയിലെ മുഴുവൻ സാമൂഹ്യസുരക്ഷാ ഗുണഭോക്താക്കളുടെയും അർഹത സംബന്ധിച്ച പരിശോധന നടത്താനും തീരുമാനിച്ചു.

Advertisements

 

ഇത്‌ സംബന്ധിച്ച്‌ നഗരസഭയ്‌ക്ക്‌ നിർദേശം നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധന സംസ്ഥാനത്താകെ വ്യാപിപ്പിക്കും. അനർഹരായ മുഴുവൻ പേരെയും പട്ടികയിൽനിന്ന്‌ ഒഴിവാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ധനവകുപ്പ്‌ വൃത്തങ്ങൾ അറിയിച്ചു. ബാങ്ക്‌ അക്കൗണ്ട്‌ വഴി ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച്‌ കൃത്യമായ ഇടവേളകളിൽ വിലയിരുത്തൽ നടത്താൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകുമെന്നും ധനവകുപ്പ് അറിയിച്ചു.