സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്
.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ മഴ കുറയുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നും നാളെയും കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

തെക്കൻ മഹാരാഷ്ട്ര തീരം, ഗോവ തീരം, ലക്ഷദീപ് പ്രദേശം അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു കിഴക്കൻ അറബിക്കടൽ, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.




