KOYILANDY DIARY

The Perfect News Portal

വയനാട്ടിലേക്ക്‌ തിരിച്ചുവരണോയെന്ന കാര്യത്തിൽ രാഹുൽഗാന്ധിക്ക്‌ ആശങ്ക

തിരുവനന്തപുരം: സിപിഐയുടെ ദേശീയനേതാവായ ആനി രാജ മത്സരിക്കാൻ ഇറങ്ങിയതോടെ വയനാട്ടിലേക്ക്‌ തിരിച്ചുവരണോയെന്ന കാര്യത്തിൽ രാഹുൽഗാന്ധിക്ക്‌ ആശങ്ക. ഇന്ത്യ കൂട്ടായ്‌മയിലെ പ്രധാന നേതാക്കളിലൊരാളോട്‌ താൻ മത്സരിച്ചാൽ ദേശീയതലത്തിൽ മാധ്യമങ്ങളും ബിജെപിയും വലിയ ചർച്ചയാക്കും. അതിൽ കഴമ്പില്ലേയെന്നാണ്‌ പല കോൺഗ്രസ്‌ നേതാക്കളും രാഷ്‌ട്രീയ നിരീക്ഷകരും ചോദിക്കുന്നത്‌. സമൂഹമാധ്യമങ്ങളിലും ഇക്കാര്യം ചർച്ചയാണ്‌.

കെപിസിസി നേതൃത്വം ദിവസവും രാഹുലിനെ ക്ഷണിക്കുന്നത്‌ ആ പേരു പറഞ്ഞ്‌ വീണ്ടും ജയിച്ചുകയറാനാകുമെന്ന വ്യാമോഹത്തിലാണ്‌. ഇന്ത്യ കൂട്ടായ്‌മയിലെ നേതാക്കളിൽ പലരും, രാഹുൽ വയനാട്ടിൽ വന്ന്‌ മത്സരിക്കുന്നത്‌ പുനരാലോചിക്കണമെന്ന്‌ അഭ്യർഥിച്ചത്‌ ഗൗരവമായി കാണുന്ന കോൺഗ്രസ്‌ നേതാക്കളുണ്ട്‌. രാഹുൽ ഇല്ലെന്ന്‌ അറിയിച്ചാൽ കെ സി വേണുഗോപാലിന്‌ വയനാട്ടിലാണ്‌ നോട്ടം.