KOYILANDY DIARY.COM

The Perfect News Portal

ചെറുകിട വ്യാപാര ഐക്യനിര ശക്തിപ്പെടുത്തണം: ഡോ. തോമസ് ഐസക്

.

പേരാമ്പ്ര: ചെറുകിട വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധി നേരിടാൻ വ്യാപാരികളുടെ ഐക്യനിര ശക്തിപ്പെടുത്തണമെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പേരാമ്പ്ര റീജണൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന “വ്യാപാര മേഖലയും വെല്ലുവിളികളും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

മാളുകൾ, കുത്തകകളുടെ ഹൈപ്പർ മാർക്കറ്റുകൾ, ഓൺലൈൻ വിപണന ശൃംഖലകൾ എന്നിവയാണ്‌ ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. നാട്ടിൻപുറത്തെ ചെറുകിട വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ്‌. ഇത്‌ ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. കച്ചവട സ‍ൗഹൃദരീതിയിൽ നഗരങ്ങൾ രൂപകൽപ്പന ചെയ്ത് നവീകരിക്കണം.

 

സാധനങ്ങളുടെ വില കുറയ്ക്കാനും ഗുണനിലവാരം ഉറപ്പാക്കാനും കഴിയണം. വാട്സാപ്പ് പ്ലാറ്റ്ഫോമുകളുണ്ടാക്കി കുടുംബശ്രീകളുമായി ചേർന്ന് ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ഡോ. കെ കെ ഹനീഫ അധ്യക്ഷനായി.

 

വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് വി കെ സി മമ്മദ് കോയ, ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സലീം രാമനാട്ടുകര, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ്‌ അസോസിയേഷൻ പ്രതിനിധി വി പി പ്രമോദ്‌, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൾസലാം, സമിതി ജില്ലാ പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ബി എം മുഹമ്മദ് സ്വാഗതവും ഏരിയാ പ്രസിഡണ്ട് സത്യൻ സ്നേഹ നന്ദിയും പറഞ്ഞു.

 

Share news