വോട്ടവകാശത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള വിശാലമായ രാഷ്ട്രീയ പ്രതിരോധമാണ് ജന്തർ മന്തർ സമരം: ഡോ. ജോൺ ബ്രിട്ടാസ് എം പി
.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള വിശാലമായ രാഷ്ട്രീയ പ്രതിരോധമാണ് ജന്തർ മന്തർ സമരമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ നടക്കുന്ന എസ്ഐആർ നടപടികൾ ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശത്തിന്റെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം തൃശൂർ ഏരിയ കമ്മിറ്റി ഓഫീസായ ഇഎംഎസ് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ജന്തർ മന്തർ സമരവും ജനാധിപത്യ ചിന്തകളും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസി ജർമനിയിലെ വംശശുദ്ധീകരണ സിദ്ധാന്തവും ഇന്ത്യയിലെ വോട്ടർപട്ടിക ശുദ്ധീകരണ വാദവും തമ്മിൽ അപകടകരമായ സാമ്യങ്ങളുണ്ടെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

നിയമങ്ങളിലൂടെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഭരണനടപടിയായി മാറിയതിന്റെ ചരിത്രപാഠമാണ് നൂറൻബർഗ് നിയമങ്ങൾ. ഇത്തരം നടപടികൾ ഒടുവിൽ കൂട്ടക്കൊലയിലേക്കാണ് നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ പൗരന്മാർ അധികാരികൾക്ക് മുന്നിലെത്തി തങ്ങൾ വോട്ടർമാരാണെന്ന് തെളിയിക്കേണ്ട സാഹചര്യമാണുള്ളത്.

ഇതിലൂടെ ദരിദ്രർ, ദളിതർ, ന്യൂനപക്ഷങ്ങൾ, പിന്നോക്ക വിഭാഗങ്ങൾ എന്നിവരെ വോട്ടവകാശത്തിൽനിന്ന് പുറന്തള്ളാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ജന്തർ മന്തർ സമരത്തിന് പിന്തുണയുമായി ഇടതുപക്ഷമെത്തി. എന്നാൽ, പ്രതിപക്ഷ പാർട്ടികളിൽ പലരുമെത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



