KOYILANDY DIARY

The Perfect News Portal

ജൂൺ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

കൊച്ചി: ജൂൺ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ്  ബോയ്‌സ് എൽ പി എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. കൈറ്റ് വിക്ടെഴ്‌സ് ചാനൽ  വഴി എല്ലാ സ്‌കൂളിലും ഉദ്ഘാടന ചടങ്ങ് തത്സമയം പ്രദർശിപ്പിക്കുകയും ചെയ്യും. അതിനുശേഷം ഓരോ സ്‌കൂളുകളിലും  ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രാദേശിക ചടങ്ങുകൾ നടക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിദ്യാഭ്യാസ ഉപഡയറക്‌ടർ, ആർ.ഡി.ഡി, എ ഡി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, കൈറ്റ് എന്നിവർ യോഗം ചേർന്ന് ഓരോ സ്‌കൂളുകളും ഒരുക്കുന്നത് സംബന്ധിച്ച് പ്രവർത്തന പദ്ധതി രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ‘സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ മെയ് 27 നകം പൂർത്തിയാക്കണം. സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്തേണ്ടതാണ്. സ്‌കൂളും പരിസരവും, ക്ലാസ്സ്മുറികൾ, ടോയ്‌ലറ്റ്, കുട്ടികൾ പെരുമാറുന്ന മറ്റ് സ്ഥലങ്ങൾ ഇവ വൃത്തിയാക്കുകയും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ  നടത്തേണ്ടതുമാണ്. സ്‌കൂ‌ളുകൾ കുറച്ചുകാലമായി അടഞ്ഞുകിടക്കുന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ച് അവയുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്’- മന്ത്രി പറഞ്ഞു.

‘നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്‌കൂളുകളിൽ കുട്ടികൾക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടുകയും കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കും വിധം നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുകയും വേണം. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസുകൾ എന്നിവ നിർബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനയ്‌ക്ക് വിധേയമാക്കണം. സ്‌കൂൾ തുറക്കുന്നതിനു മുൻപുതന്നെ സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങി സൂക്ഷിക്കേണ്ടതാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ യാതൊരു കാരണവശാലും സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല’- മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Advertisements