KOYILANDY DIARY

The Perfect News Portal

മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

കോഴിക്കോട്: മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് മതിയായ വിദ്യാര്‍ഥികള്‍ ഇല്ലാത്ത 14 ബാച്ചുകള്‍ മലപ്പുറത്തേയ്ക്ക് മാറ്റും. ഒന്നാം അലോട്ട്‌മെന്റില്‍ ഇത് ഉള്‍പ്പെടുത്തും. എയിഡഡ് മേഖലയിലും താത്കാലിക അധിക ബാച്ച് നല്‍കുന്ന കാര്യം പരിഗണിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

മലപ്പുറത്ത് ആകെ 80,922 അപേക്ഷകരാണുള്ളത്. നിലവില്‍ 69,696 സീറ്റുണ്ട്. ഗവണ്‍മെന്റ്, എയ്ഡഡ്– 55,590, അണ്‍ എയിഡഡ് –11,286, വിഎച്ച്എസ്ഇ– 2,820 എന്നിങ്ങനെയാണ് കണക്ക്. 11,226 സീറ്റുകളാണ് കുറവ്. അണ്‍ എയ്ഡഡ് മാറ്റി നിര്‍ത്തിയാല്‍  22,512 ഒഴിവുണ്ടാകും. എന്നാല്‍, മാര്‍ജിനല്‍ സീറ്റ് വര്‍ധനവിന് പുറമേ 81 താല്‍ക്കാലിക ബാച്ചുകള്‍ മുഖ്യഘട്ട അലോട്ട്‌മെന്റില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെയാണ് 14 ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റുന്നത്.

Advertisements

പ്ലസ്‌വണിന് സംസ്ഥാനത്ത് ആകെ  4,59,330 അപേക്ഷകരാണുള്ളത്. വിവിധ വിഭാഗങ്ങളിലായി 4,58,205 സീറ്റുണ്ട്. ഗവ. എയ്ഡഡ് സ്‌കൂളുകളില്‍ –3,70,590, അണ്‍ എയ്ഡഡ് മേഖലയില്‍ 54,585 , വിഎച്ച്എസ്ഇ–  33,030 എന്നിങ്ങനെയാണ് കണക്ക്. ഈ വര്‍ഷം എസ്എസ്എല്‍സി പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്‌മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisements