KOYILANDY DIARY

The Perfect News Portal

കലാരത്ന പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങി

പേരാമ്പ്ര: കലാരത്ന പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങി. ചെറുവണ്ണൂരിലെ കലാ സാംസ്കാരിക കേന്ദ്രമായ സബർമതിയുടെ കലാരത്ന പുരസ്കാരം ബ്രിട്ടീഷ് പാർലമെന്റ് അംഗം ലോർഡ് വേവർലിയിൽ നിന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങി. സംഗീതം കൊണ്ട് ജനങ്ങൾക്ക് സാന്ത്വനം നൽകാനാകുമ്പോൾ മാത്രമാണ് സംഗീതജ്ഞന്റെ ജോലിക്ക് പൂർണത കൈവരുന്നതെന്ന് കൈതപ്രം പറഞ്ഞു. മറ്റുള്ളവരുടെ ദുരിതവും വേദനയും മാറാൻവേണ്ടിയും പാടണം. മ്യൂസിക് തെറാപ്പിയെന്ന വലിയ സ്വപ്നത്തിനുവേണ്ടിയുള്ള സഞ്ചാരമാണിപ്പോൾ താൻ നടത്തുന്നതെന്നും കൈതപ്രം പറഞ്ഞു.

സബർമതി ഗ്രാമോത്സവത്തിൽ നടന്ന പുരസ്കാരദാന പരിപാടി കെ. മുരളീധരൻ എം.പി. ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ എൻ.കെ. വൽസൻ അധ്യക്ഷനായി. സബർമതി മാനേജിങ്‌ ഡയറക്ടർ അജയ് ഗോപാൽ, പ്രിൻസിപ്പൽ സത്യൻ മേപ്പയ്യൂർ, ഡോ. കെ. അബ്ദുൽ ഗനി, കമൽ കുന്നിരാമത്ത് തുടങ്ങിയവർ സംസാരിച്ചു. ഭരതസന്ധ്യ, കുചേലവൃത്തം കഥകളി, കരിന്തലക്കൂട്ടം അവതരിപ്പിച്ച നാടൻപെരുമ എന്നിവയുമുണ്ടായി.