KOYILANDY DIARY.COM

The Perfect News Portal

ടെക്നോപാർക്കിൽ ജനറേറ്റീവ് എഐ ഹാക്കത്തോൺ 2026; നവംബർ 5 വരെ രജിസ്റ്റർ ചെയ്യാം

.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് എഐ മേഖലകളിലെ നൂതന ആശയങ്ങളും സാങ്കേതിക പരിഹാരങ്ങളും വികസിപ്പിക്കുന്നതിനായി ജനറേറ്റീവ് എഐ ഹാക്കത്തോൺ 2026 നവംബർ 7ന് തിരുവനന്തപുരം ടെക്നോപാർക്ക് പാർക്ക് സെന്ററിൽ സംഘടിപ്പിക്കും. ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് (BIA) തിരുവനന്തപുരം ക്യാമ്പസ്, ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ക്ലൗഡ്‌വേവ് ഇന്റലിജൻസ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

ഐടി പ്രൊഫഷണലുകൾ, എഐ ഗവേഷകർ, സാങ്കേതികവിദ്യയിൽ താൽപര്യമുള്ള കോളേജ് വിദ്യാർത്ഥികൾ എന്നിവർക്ക് നൂതന ആശയങ്ങൾ അവതരിപ്പിക്കാനും പ്രായോഗിക സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കാനും ഹാക്കത്തോൺ അവസരമൊരുക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. അനൂപ് പി. അംബിക, ഫ്രാൻസിലെ നാന്റസ് സർവകലാശാലയിലെ പോസ്റ്റ്‌ ഡോക്ടറൽ ഗവേഷക ഡോ. നാൻസി വിക്ടർ, ക്ലൗഡ്‌വേവ് ഇന്റലിജൻസ് സ്ഥാപകനും ഡയറക്ടറുമായ ഡോ. സാബു എം. തമ്പി എന്നിവർ വിശിഷ്ടാതിഥികളാകും.

 

ഓർത്തോ എഫ് എക്സ് സീനിയർ മാനേജർ വർഗീസ് ജോർജ് പ്രത്യേക അതിഥിയായി പങ്കെടുക്കും. വിവിധ മേഖലകളിലെ വിദഗ്ധർ ഹാക്കത്തോണിലെ സാങ്കേതിക വിലയിരുത്തലുകൾക്ക് നേതൃത്വം നൽകും. 2025ൽ ഏകദേശം 480 പേർ പങ്കെടുത്ത മെഗാ ജനറേറ്റീവ് എഐ ഹാക്കത്തോണിന്റെ വിജയകരമായ തുടർച്ചയായാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കുന്നത്.

 

പഠനവും ഗവേഷണവും വ്യവസായ ആവശ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുക, സാങ്കേതിക പ്രതിഭകളെ കണ്ടെത്തുക, കേരളത്തിലെ എഐ ഇന്നൊവേഷൻ ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. ഹാക്കത്തോണിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നവംബർ 5ന് രാത്രി 11.59 വരെ നടത്താം. പ്രോജക്റ്റ് ഉൾപ്പെടുത്തിയുള്ള രജിസ്ട്രേഷനുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

 

Share news