KOYILANDY DIARY.COM

The Perfect News Portal

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

.

തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. യുവജന സംഘടനകളുമായി ചേർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിലാണ് പുതിയ കേസ്. സമരസമിതി സെക്രട്ടറി വളർമതിയാണ് കേസിലെ ഒന്നാംപ്രതി. മറ്റ് 25 റാങ്ക് ഹോൾഡേഴ്സിനെയും പ്രതി ചേർത്തിട്ടുണ്ട്.

 

കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കിയെന്ന് കാണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമനം ആവശ്യപ്പെട്ട് എൽ പി എസ് ടി ഉദ്യോഗാർത്ഥികൾ നടത്തുന്ന സെക്രട്ടറിയേറ്റ് സമരത്തിന് പ്രതിപക്ഷ നിരയുടെയും യുവജന സംഘടനകളുടെയും പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സമരസമിതി സെക്രട്ടറി വളർമതിയെ ഒന്നാം പ്രതിയാക്കി കൻ്റോൺമെന്റ് പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.

 

തുടർച്ചയായി കേസെടുത്ത് സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. സമരത്തിനെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും റാങ്ക് ഹോൾഡേഴ്സ് ആരോപിക്കുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. അതേസമയം ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരം ഇന്ന് 121 -ാം ദിനം പിന്നിടുകയാണ്.

 

സമരസമിതി സെക്രട്ടറി വളർമതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു. സിജെപിയുടെയും ഐഷയുടെയും അടക്കം പിന്തുണ സമരസമിതിക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ എത്തിച്ച് പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ആണ് ഉദ്യോഗാർത്ഥികൾ ലക്ഷ്യമിടുന്നത്. 

Share news