നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ
.
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി ബി മിനി, മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കുന്നതിനിടെ ടി ബി മിനി കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശങ്ങൾ അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

2026 ജനുവരി 12ന് നടത്തിയ പരാമർശങ്ങൾ തന്റെ പ്രൊഫഷണൽ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നും ഇതിന്റെ പേരിൽ തനിക്കെതിരെ വ്യാപകമായ സൈബർ പ്രചാരണം നടന്നെന്നും ടി ബി മിനി ഹർജിയിൽ ആരോപിക്കുന്നു. പരാമർശങ്ങൾ അഭിഭാഷകയെന്ന നിലയിലുള്ള തന്റെ വിശ്വാസ്യതയെ ബാധിച്ചെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

നേരത്തെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി തേടി ടി ബി മിനി അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയിരുന്നു. എന്നാൽ ഈ അപേക്ഷ അഡ്വക്കറ്റ് ജനറൽ തള്ളുകയായിരുന്നു. തുടർന്നാണ് വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ടി ബി മിനി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.




